ചെന്നൈ: ശ്രീലങ്കൻ സ്പിന്നിങ്ങ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 800 എന്ന ചിത്രത്തിൽനിന്ന് വിജയ് സേതുപതി പിൻമാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകൾക്കെതിരേ ട്വിറ്ററിൽ ബലാത്സംഗ ഭീഷണി. റിഥിക് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് സേതുപതിയുടെ മകൾക്കെതിരേ ഭീഷണി വന്നിരിക്കുന്നത്. ശ്രീലങ്കയിലെ തമിഴർ നയിക്കുന്ന ദുഷ്കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാൻ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി.
ഇതിന് പിന്നാലെ ഈ അക്കൗണ്ടിന് പിന്നിലുള്ള വ്യക്തിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി
ഉപയോക്താക്കളാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡിഎംകെ എം.പി സെന്തിൽ കുമാർ, ഗായിക ചിന്മയി തുടങ്ങി നിരവധി പേർ ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
മുരളീധരന്റെ ജീവചരിത്ര സിനിമയിൽ സേതുപതി നായകനായെത്തുന്നതിനെതിരേ കടുത്ത പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അദ്ദേഹത്തോട് ചിത്രത്തിൽനിന്ന് പിൻമാറണമെന്ന് അഭ്യർഥിച്ച് മുരളീധരൻ തന്നെ രംഗത്തെത്തിയിരുന്നു.
800 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിജയ് സേതുപതിയെ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ ഹാഷ് ടാഗ് കാമ്പയിനുകൾ സജീവമായി. ‘ഷെയിം ഓൺ യൂ’, ‘ബോയ്കോട്ട് വിജയ് സേതുപതി’ തുടങ്ങിയ ഹാഷ്ഗാടുകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.