കശ്മീരിൽ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാൻ 300 തീവ്രവാദികളെ എത്തിക്കാൻ സഹായവുമായി പാക് സൈനിക ടീം; ഇന്ത്യൻ രഹസ്യാന്വേഷണ ഏജന്‍സി

ശ്രീനഗർ: കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനും വലിയൊരു സംഘം തീവ്രവാദികളെ രാജ്യത്തേക്ക് കടത്തി വിടാന്‍ പാക് സൈന്യം ഗൂഢാലോചന നടത്തുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. തീവ്രവാദികളെ സഹായിക്കുന്നതിനായി പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നതായും ഏജന്‍സികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

300നടുത്ത് തീവ്രവാദികളെ ഇന്ത്യയിലേക്ക് എത്തിക്കാനാണ് പാകിസ്താന്റെ ശ്രമം. നിയന്ത്രണ രേഖയ്ക്ക് സമീപം തീവ്രവാദികള്‍ നടത്തുന്ന ചില പദ്ധതികള്‍ക്ക് പാക് ആര്‍മി എസ്എസ്ജിയുടേയും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും പറയുന്നുണ്ട്. ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ തുടങ്ങി 10ഓളം തീവ്രവാദ സംഘടനകളിലുള്ളവരാണ് കശ്മീര്‍ താഴ്‌വരയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 80ഓളം തീവ്രവാദികളെയാണ് കരേന്‍ സെക്ടറിന് സമീപമുള്ള ആത്മുഖം, ദുധിനിയാല്‍, തഹന്‍ദപനി എന്നിവിടങ്ങളിലെ ലോഞ്ച് പാഡുകളില്‍ നിന്ന് കണ്ടെത്തിയത്. സുജിയാന്‍ മേഖലയിലെ പാക് ഗ്രാമങ്ങളിലാണ് 40ഓളം തീവ്രവാദികള്‍ തമ്പടിച്ചിരിക്കുന്നത്. ജെയ്ഷ്, അല്‍ ബദര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ തീവ്രവാദികള്‍.

കൃഷ്ണഘട്ടിക്ക് എതിര്‍വശത്തുള്ള മദര്‍പൂര്‍, നട്ടര്‍ മേഖലകളിലാണ് 20ഓളം തീവ്രവാദികള്‍ ഉള്ളത്. ലാംജോട്ടിലെ ഭീമ്പര്‍ വാലിക്ക് എതിര്‍വശത്താണ് 35ഓളം തീവ്രവാദികള്‍ നിലയുറപ്പിച്ചിരിക്കുന്നത്. രജൗരിയിലെ ദഖ്ഖാന മേഖലയില്‍ 25ഓളം ഭീകരരും, നൗഷേരയില്‍ 35 തീവ്രവാദികളും തമ്പടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവരെല്ലാവരും പാക് എസ്എസ്ജിയുടെ സഹായത്തോടെ നിയന്ത്രണ രേഖ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതായാണ് പറയുന്നത്.

250 മുതല്‍ 300 വരെ തീവ്രവാദികള്‍ നിയന്ത്രണ രേഖ കടക്കുന്നതിനുളള ശ്രമങ്ങള്‍ നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, എന്നാല്‍ ഇന്ത്യയുടെ സുരക്ഷ സേന ശക്തരാണെന്നും, തീവ്രവാദികള്‍ക്ക് ആ ശ്രമങ്ങളില്‍ വിജയിക്കാനാകില്ലെന്നും സേന വൃത്തങ്ങള്‍ പറഞ്ഞു.