ബംഗളൂരു മയക്കുമരുന്ന് കേസ്; വിവേക് ഒബ്റോയിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്

മുംബൈ: ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടിൽ പൊലീസ് തിരച്ചിൽ നടത്തി. മുംബൈയിലെ വീട്ടിൽ ബംഗളൂരു പൊലീസാണ് എത്തിയത്. വിവേകിൻറെ സഹോദരീ ഭർത്താവ് ആദിത് ആൽവയെ തേടിയാണ് പൊലീസ് തിരച്ചിൽ നടത്തിയത്. കർണാടകയിലെ മുൻമന്ത്രി ജീവരാജ് ആൽവയുടെ മകനാണ് ആദിത്യ ആൽവ.

സിനിമാ മേഖല ഉൾപ്പെട്ട സാൻഡൽവുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആൽവയെ തേടുന്നത്. താരങ്ങൾക്കും ഗായകർക്കും മയക്കുമരുന്ന് വിതരണം ചെയ്ത സംഭവത്തിൽ 15 പേർ ഇതിനകം അറസ്റ്റിലായി. അറസ്റ്റിലായവരിൽ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നീ താരങ്ങളുമുണ്ട്. പാർട്ടി സംഘാടകൻ വിരേൻ ഖന്ന, രാഹുൽ തോൻസെ തുടങ്ങിയവരും അറസ്റ്റിലായ പ്രമുഖരിൽ ഉൾപ്പെടുന്നു. ആദിത്യ ആൽവ ഒളിവിലാണ്.

വിവേക് ഒബ്റോയിയുടെ വീട്ടിൽ ആദിത്യ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വാറന്റുമായാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധനക്കെത്തിയതെന്ന് ബംഗളൂരു ജോയിൻറ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. മലയാളികളും കേസിൽ അറസ്റ്റിലായി. അറസ്റ്റിലായ അനൂബ് മുഹമ്മദിൻറെ സുഹൃത്തായ ബിനീഷ് കോടിയേരിയെയും കേസിൽ ചോദ്യംചെയ്തിട്ടുണ്ട്. അനൂബും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യംചെയ്യൽ.