മുംബൈ: ടെലിവിഷൻ റേറ്റിങ് പോയിന്റിൽ (ടിആർപി) കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി തിങ്കളാഴ്ച മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. കേസിലെ മുഖ്യപ്രതികളിലൊരാളായ വിനയ് ത്രിപാഠിയെയാണ് അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ആദ്യം അറസ്റ്റിലായ ഇരുപത്തിയൊന്നുകാരൻ വിശാൽ ഭണ്ഡാരിയ്ക്ക് പണം നൽകിയത് വിനയ് ത്രിപാഠിയാണെന്ന അന്വേഷണസംഘ ത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഹൻസ ഏജൻസിയിലെ മുൻ ജീവനക്കാരനാണ് വിനയ് ത്രിപാഠി.
കേസുമായി ബന്ധപ്പെട്ട് ഏജൻസിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പോലീസ് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിനു വേണ്ടി പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ടെലിവിഷൻ ചാനലുകളുടെ ടിആർപി കണക്കാക്കുന്നത് ഹൻസയാണ്. ഹൻസയിൽ നാല് വർഷത്തോളം റിലേഷൻഷിപ്പ് മാനേജരായി വിനയ് ത്രിപാഠി പ്രവർത്തിച്ചിരുന്നു.
വിശാൽ ഭണ്ഡാരിയുടെ അറസ്റ്റ് വിവരം അറിഞ്ഞയുടനെ വിനയ് ത്രിപാഠി ഉത്തർപ്രദേശിലേക്ക് കടന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അറിയിച്ചു. അറസ്റ്റിന് ശേഷം വിശാലിന്റെ വീട്ടിൽ നിന്ന് രണ്ട് ടിവി ബാരോമീറ്ററുകൾ പോലീസ് കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണസംഘം അന്വേഷണം തുടരുകയാണ്. വിനയ് ത്രിപാഠിയെ ചോദ്യം ചെയ്യുന്നതിലൂടെ കേസിൽ കൂടുതൽ വ്യക്തതവരുമെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.
റിപ്പബ്ലിക് ചാനൽ കൂടാതെ പ്രതിപ്പട്ടികയിലുള്ള ഫക്ത് മറാത്തി, ബോക്സ് സിനിമാസ് എന്നീ ചാനലുകളുടെ നാല് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പണമിടപാടുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ടിആർപിയുമായി ബന്ധപ്പെട്ട് പണമിടപാടുകൾ നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിന് റിപ്പബ്ലിക് ചാനലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചുവരികയാണെന്നും സംഘം കൂട്ടിച്ചേർത്തു. കൂടുതൽ അന്വേഷണത്തിനായി മുംബൈ പോലീസ്, ഇക്കണോമിക് ഒഫൻസസ് വിങ്ങിന്റെ (ഇഒഡബ്ല്യു) സഹായം തേടിയിട്ടുണ്ട്.