ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻറെ തോൽവിക്ക് പിന്നാലെ എം എസ് ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുണ്ടായ സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി നടൻ മാധവൻ. ഇൻറർനെറ്റിൽ എന്തുംവിളിച്ച് പറയാമെന്ന് കരുതുന്നവർക്കെതിരെ, അവർ കൗമാരക്കാരാണെങ്കിൽ കൂടിയും കർശന നടപടികൾ സ്വീകരിക്കേണ്ട സമയമാണ് ഇതെന്നും മാധവൻ ട്വീറ്റ് ചെയ്തു.
സംഭവത്തിൽ 16 വയസുകാരൻ അറസ്റ്റിലായതിന് പൊലീസിന് അഭിനന്ദനം അറിയിക്കുന്നതിനൊപ്പം ഇൻറർനെറ്റിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മുഖമില്ലാത്ത രാക്ഷസന്മാരെന്നാണ് മാധവൻ വിളിക്കുന്നത്. ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ കേസിൽ 16 വയസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്.
റാഞ്ചി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്രയിൽ നിന്നാണ് പ്രതിയെ ലോക്കൽ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ധോണിയുടെ ഭാര്യ സാക്ഷിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ പോസ്റ്റിന് താഴെയാണ് അഞ്ച് വയസുകാരിയായ മകളെ ബലാൽസംഗം ചെയ്യുമെന്ന് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ഭീഷണി കമൻറിട്ടത്.
റാഞ്ചി പൊലീസിൻ്റെ ആവശ്യപ്രകാരം ചോദ്യം ചെയ്യാനായി കസ്റ്റഡിൽ എടുത്തപ്പോൾ വിദ്യാർഥി കുറ്റം സമ്മതിച്ചതായി കച്ച് വെസ്റ്റ് പൊലീസ് സൂപ്രണ്ട് സൗരഭ് സിംഗ് വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ നായകൻ ധോണിയുടെ കുടുംബത്തിനെതിരെ ഭീഷണികളുയർന്നത്.