ന്യൂഡെൽഹി: ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റും ജെസ്യൂട്ട് സഭ വൈദികനുമായ ഫാ. സ്റ്റാൻ സ്വാമിയെ എൻഐഎ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. കേസിൽ തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ചിരുന്ന ഫാ. സ്റ്റാൻസ്വാമിയെ റാഞ്ചിയിൽ നിന്നാണ് എൻഐഎ അറസ്റ്റ് ചെയ്തത്. തമിഴ്നാട് സ്വദേശിയായ സ്റ്റാൻ സ്വാമി അഞ്ച് പതിറ്റാണ്ടിലേറെയായി ജാർഖണ്ഡിൽ ആദിവാസികൾക്കിടയിലാണ് പ്രവർത്തിക്കുന്നത്.
സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരെ വിവിധ തലങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്. ആദിവാസികളുടെ അവകാശങ്ങൾക്കായി ജീവിതകാലം മുഴുവൻ മാറ്റിവെച്ചയാളാണ് സ്റ്റാൻ സ്വാമിയെന്ന് എഴുത്തുകാരൻ രാമചന്ദ്ര ഗുഹ പറഞ്ഞു.
ഭീമ കൊറേഗാവ് കേസിൽ നിരവധി പ്രമുഖരേയും മനുഷ്യാവകാശ പ്രവർത്തകരേയും രണ്ടുവർഷത്തോളമായി തടവിലാക്കിയിട്ടുണ്ട്. ഏറെ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ആളാണ് സ്റ്റാൻ സ്വാമി. കേസിൽ തടങ്കലിലാക്കുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയുമാണദ്ദേഹം. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ബ്രിട്ടീഷ് സേന നേടിയ വിജയം എല്ലാ വർഷവും ആഘോഷിക്കാറുണ്ട്. എന്നാൽ 2018 ജനുവരി 1ന് നടന്ന വിജയാഘോഷം സംഘർഷത്തിൽ കലാശിച്ചു. പ്രഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദളിതൻ ഉൾപ്പെടെ രണ്ട് യുവാക്കൾ കൊല്ലപ്പെടുകയും ചെയ്‌തു.
അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച് വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരേര, വെർണൻ ഗോൺസാൽവസ്,ഗൗതം നവ്‌ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ വർഷം ജനുവരിയിലാണ് കേസ് എൻഐഎയ്ക്ക് കൈമാറിയത്.