മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിക്ക് കോടതി ജാമ്യം അനുവദിച്ചു. ബോംബെ ഹൈക്കോടതിയാണ് റിയക്ക് ജാമ്യം അനുവദിച്ചത്. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
അതേസമയം, റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റൊരു പ്രതിയായ അബ്ദുല്‍ പരിഹാറിന്‍റെയും ജാമ്യാപേക്ഷ കോടതി നിരസിച്ചു.
നേരത്തെ റിയ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍ഡിപിഎസ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
സെപ്റ്റംബർ എട്ടിനാണ് റിയ ചക്രബർത്തിയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. സുശാന്തിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് കാമുകി കൂടിയായ റിയ ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
എന്നാൽ, സുശാന്ത് മയക്കുമരുന്ന് ശീലം നിലനിർത്താനായി തങ്ങളെ ഉപയോഗിക്കുകയായിരുന്നുവെന്ന് റിയ ജാമ്യാപേക്ഷയിൽ പറഞ്ഞു. തനിക്കും സഹോദരനുമെതിരെ നിരന്തരമായ വേട്ടയാടലാണ് നടക്കുന്നതെന്നും റിയ പറഞ്ഞു.