മുംബൈ: ബോളിവുഡിലെ ലഹരി ഇടപാട് അന്വേഷണത്തിനെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി രംഗത്ത്. സിബിഐയും എൻഫോഴ്സ്മെന്റും സുശാന്ത് സിംഗിന്റെ മരണത്തിൽ അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും അന്വേഷണ ഏജൻസികൾ എന്താണ് കണ്ടെത്തിയതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുശാന്തിന്റെ മരണം സിബിഐക്ക് കൈമാറാൻ നടന്ന മുൻ ഡിജിപി ഇപ്പോൾ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനും ഒരുങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണത്തിലേക്ക് അവർ കാര്യങ്ങൾ തിരിച്ചു വിടുകയായിരുന്നു. ഇപ്പോൾ ലഹരികേസിൽ എല്ലാ നടിമാരെയും വിളിച്ചു ചോദ്യം ചെയ്യുകയാണ്. ഈ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ബിജെപിയുടെയും മോദിയുടെയും അടുത്ത ആളുകളാണെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേസിൽ ദീപികാ പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ബോളിവുഡിലെ പ്രമുഖ നിർമ്മാണകമ്പനിയായ ധർമ്മപ്രൊഡക്ഷൻ ഉടമ കരൺ ജോഹറിലേക്കും നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം നീളുകയാണ്. ധർമ്മ പ്രൊഡക്ഷനിലെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസറായിരുന്ന ക്ഷിതിജ് പ്രസാദിനെ അറസ്റ്റ് ചെയ്തു.