ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കും; നിലവാരമില്ലാത്ത ചൈനീസ് ഉൽപന്നങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യ

ന്യൂഡെൽഹി: നിലവാരം കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് കർശന നിയന്ത്രണങ്ങളുമായി ഇന്ത്യ.
ഇലക്ട്രോണിക്സ്, – ഇലക്ട്രിക്കൽ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, ഗിഫ്റ്റുകൾ, പാദരക്ഷകൾ, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങളാണ് ഇന്ത്യൻ തുറമുഖങ്ങളിൽ ക്ലിയറൻസ് കാത്ത് കെട്ടിക്കിടക്കുന്നതെന്ന് റിപ്പോർട്ട്.

2019 നവംബർ- ഡിസംബർ മാസങ്ങളിൽ ഓർഡർ നൽകിയ ഉത്പന്നങ്ങൾ മുതലുള്ളവയാണ് ക്ലിയറൻസ് കാത്ത് കിടക്കുന്നത്. ഇത് കൂടാതെ കഴിഞ്ഞ മാർച്ചിനു ശേഷം വ്യാപാരികൾ പുതിയ ഓർഡർ നൽകുന്നത് ഗണ്യമായി കുറച്ചിരിക്കുകയാണ്.
ചൈനയിൽ നിന്നുള്ള ഇറക്കുമതി പടിപടിയായി കുറച്ചു കൊണ്ടുവരാനാണ് ഇന്ത്യയുടെ തീരുമാനം.

ഇത്തരം ഉപകരണങ്ങളുടെ തദ്ദേശീയമായ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ‘മേക്ക് ഇൻ ഇന്ത്യ‘, ‘ആത്മനിർഭർ ഭാരത്‘ തുടങ്ങിയവയുടെ ഭാഗമായി ഇന്ത്യ ആരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ‌‌- ഓഗസ്റ്റ് കാലയളവിൽ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി 2,158 കോടി ഡോളറിന്റേതായിരുന്നു. കൂടാതെ വിയറ്റ്നാം, തയ്‌വാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായി ഇറക്കുമതിയിൽ കരാറുണ്ടാക്കാനുള്ള ചർച്ചകൾ സജീവമാണ്.