കേന്ദ്രം നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ പാചകവാതക സബ്സിഡി ഒക്ടോബറില്‍ പുനഃസ്ഥാപിക്കും. സാധാരണക്കാരായ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ആശ്വാസമായിരുന്ന ഡിബിടി (ഡയറക്‌ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) പദ്ധതി പ്രകാരമുള്ള സബ്സിഡി വിതരണം നാലു മാസം മുന്‍പാണു കേന്ദ്രം നിര്‍ത്തലാക്കിയത്.

സബ്സിഡി ഒഴിവാക്കിയതോടെ ഇക്കാലയളവില്‍ 20,000 കോടി രൂപയാണു സര്‍ക്കാരിനു ലാഭം. രാജ്യത്ത് 26 കോടി ഉപയോക്താക്കള്‍ക്കാണ് സബ്സിഡി ലഭിക്കുന്നത്.
ആഗോളവിപണിയില്‍ ഇന്ധനവില താഴ്ന്നതോടെയാണ് സബ്സിഡി നിര്‍ത്തലാക്കിയത്.ഒക്ടോബറോടെ എണ്ണവില ഉയരുമെന്നാണു സൂചന.

വടക്കന്‍ സംസ്ഥാനങ്ങളില്‍ ശീതകാലം തുടങ്ങുന്നതോടെ പാചകവാതക ഉപയോഗം വര്‍ധിക്കും. വില കൂടും. ഏപ്രില്‍ – സെപ്റ്റംബര്‍ കാലത്ത് എണ്ണവില താഴ്ന്നു നില്‍ക്കുന്ന പതിവുണ്ട്. എണ്ണവില കൂടുന്നതോടെ സബ്സിഡി പുനഃസ്ഥാപിക്കാന്‍ ധാരണയായെന്നു ഭാരത് ഗ്യാസ് കേരള മേഖല മാനേജര്‍ വിആര്‍ രാജീവ് പറഞ്ഞു.