കശ്മീരിൽ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു

ന്യൂഡെൽഹി: കശ്മീരിലെ രജൗറിയിലുണ്ടായ പാക് ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് വീരമൃത്യുവരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാക് ഷെല്‍ ആക്രമണത്തില്‍ ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ സുന്ദര്‍ബെനിയിലാണ് പാക് ഷെല്‍ ആക്രമണം ഉണ്ടായത്. പ്രകോപനം ഇല്ലാതെയായിരുന്നു പാക് ആക്രമണം. സെപ്തംബര്‍ 25ന് അവധിക്ക് നാട്ടിലെത്താന്‍ ഇരുന്നതായിരുന്നു അനീഷ്. എമിലിയാണ് ഭാര്യ. ഏകമകള്‍ ഹന്ന.