ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കം; ‘അടൽ ടണൽ’ നിർമ്മാണം പൂർത്തിയായി

ന്യൂഡെൽഹി: ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി. 10 വര്‍ഷം കൊണ്ടാണ് തുരങ്കത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നാമധേയത്തിലുള്ള അടൽ ടണലിന്റെ ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും എന്നാണ് സൂചന.

റോഹ്തങ് ടണല്‍ എന്നറിയപ്പെടുന്ന അടല്‍ ടണല്‍ 3200 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷനായിരുന്നു ഇതിന്റെ നിര്‍മ്മാണ ചുമതല.
സമുദ്രനിരപ്പില്‍ നിന്ന് 3000 മീറ്റര്‍ അടി ഉയരത്തിലാണ് അടൽ ടണൽ നിര്‍മ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം.

മണിക്കൂറില്‍ 80 കിലോമീറ്റർ വേഗപരിധിയുള്ള തുരങ്കം സൈനിക നീക്കം സുഗമമാക്കുന്നതിന് ഉപകരിക്കും. ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരെയും ആയുധങ്ങളും അതിവേഗം എത്തിക്കാൻ തുരങ്കത്തിന്റെ നിർമ്മാണത്തിലൂടെ ഇന്ത്യക്ക് സാധിക്കും. 2000 ജൂണ്‍ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഏതു കാലാവസ്ഥയിലും പ്രതിദിനം 3000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന തരത്തിലാണ് തുരങ്കത്തിന്റെ നിർമ്മാണം. ഗതാഗത രംഗത്തും സൈനിക നീക്കങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഒരേ പോലെ ഉപയുക്തമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം മണാലിയും ലേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.