ശ്രീനഗര്‍ : ലഡാക്കിലെ പാന്‍ഗോങ് തടാകത്തിന്റെ ദക്ഷിണഭാഗത്ത് ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപ്പെടുത്തല്‍. ചൈനീസ് സൈന്യം ദീര്‍ഘദൂരം കുഴികുഴിച്ച് കേബിള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടുചെയ്തു. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവു വരുത്താന്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചൈനയുടെ നടപടി.
മുന്‍നിരയിലുള്ള സൈനികര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. അതിവേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് സൈന്യം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
ചിത്രങ്ങളും രേഖകളും അടക്കമുള്ളവ കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്ന് കരുതുന്നതായി ഒരു മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, ഇന്ത്യാ- ചൈന അതിർത്തി തർക്ക വിഷയത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ലോക്സഭയിൽ പ്രസ്താവന നടത്തും. ഈ വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷ കക്ഷികൾ ശക്തമായി ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇത്.രാജ്നാഥ് സിങ് ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഹെയെ അടുത്തിടെ മോസ്കോയിൽ വെച്ച് ചർച്ച നടത്തിയിരുന്നു. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും മോസ്കോയിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു.