വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലക്ക് നൽകിയത് നയപരമായ തീരുമാനം; കേന്ദ്ര സർക്കാർ; നടപടിക്ക് ഹൈക്കോടതി സ്റ്റേ യില്ല

കൊച്ചി: വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് നൽകിയത് നയപരമായ തീരുമാനം ആണെന്ന് കേന്ദ്ര സർക്കാർ. തിരുവനന്തപുരം ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ സ്വകാര്യ വൾക്കരിക്കുന്നതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് വ്യോമയാന മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
പൊതുജന താൽപര്യം കണക്കാക്കിയാണ് വിമാനത്താവളം പാട്ടത്തിന് നൽകിയത്. ഇങ്ങനെ ലഭിക്കുന്ന പണം രാജ്യത്തിന്റെ വ്യോമയാന മേഖലയുടെ നടത്തിപ്പിന് ആണ് ഉപയോഗിക്കുന്നത്.

പ്രത്യേക അനുമതിയോടെ ലേലത്തിൽ പങ്കെടുക്കാൻ കേരളത്തിന് അനുമതി നൽകിയിരുന്നു എങ്കിലും പരാജയപ്പെട്ടതിന് ശേഷം ഇത്തരമൊരു ഹർജിയുമായി മുന്നോട്ട് വരുന്നതിന് അവകാശമില്ല. കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന വിഷയമാണ് വിമാനത്താവളങ്ങൾ. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള കേസ് പരിഗണിക്കേണ്ടത് സുപ്രീം കോടതിയാണെന്നും വ്യോമയാന മന്ത്രാലയം കോടതിയിൽ വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വൾക്കരിക്കുന്നതിന് എതിരെ കേരള സർക്കാർ നൽകിയ ഉപഹർജിയിൽ അടിയന്തര സ്റ്റേ അനുവദിക്കാനും ഹൈക്കോടതി തയ്യാറായില്ല. വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകാനുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഉപഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.