എല്ലാ പദ്ധതികളും ജനങ്ങള്‍ക്ക് വേണ്ടി; അട്ടിമറിയ്ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി സർക്കാർ ചെയ്യുന്നതെല്ലാമെന്നും ഇവ അട്ടിമറിക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ അവകാശവാദവും വിമർശനവും.

കോന്നി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിന്‍റെ ഒന്നാംഘട്ടം വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ജനങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ, അതു നടക്കരുത് എന്ന ചിന്തയാണ് സംസ്ഥാനത്ത് ഒരു കൂട്ടരെ നയിക്കുന്നത്. ചില മാധ്യമങ്ങളും അതിനൊപ്പമാണ്. ഓരോ പ്രദേശത്തും വീടുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഇതൊക്കെ  നാടിന്‍റെ നേട്ടമായും അഭിമാനമായും വരുമ്പോള്‍ അതിനെ കരിവാരിത്തേക്കണം. അതിനാണ് ഇത്തരം പ്രചാരണവും വാര്‍ത്തകളുമെന്ന് പിണറായി പരിഹസിച്ചു.

ഏതെങ്കിലും ഒരു കരാറുകാരനുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നുവെങ്കില്‍ അതിനെ ലൈഫ് മിഷനുമായി എന്തിന് ബന്ധപ്പെടുത്തണം?

ജനങ്ങളോടൊപ്പം സന്തോഷിക്കാന്‍ കഴിയാത്തവരാണ് കോന്നി മെഡിക്കല്‍ കോളേജിന്‍റെ ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെടുകാര്യസ്ഥതകൊണ്ട് നിലച്ചുപോയ പദ്ധതി, ഈ സര്‍ക്കാര്‍ വന്നശേഷമാണ് പുനരാരംഭിച്ചത്. അതുകൊണ്ട്, പദ്ധതി ഉപേക്ഷിക്കപ്പെട്ടതിന് കാരണക്കാരായവര്‍ക്ക് ജാള്യമുണ്ടാകുന്നതു സ്വാഭാവികമാണ് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. വനംമന്ത്രി  കെ.രാജു, എം.എല്‍.എമാരായ രാജു എബ്രഹാം, വീണ ജോര്‍ജ്, കെയു ജനീഷ്കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.