യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ല: ഡിജിസിഎ

ന്യൂഡെൽഹി: യാത്രക്കാര്‍ക്ക് വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കുന്നതിന് വിലക്കില്ലെന്ന് ഡിജിസിഎ. വിമാനത്തിനുള്ളില്‍ ആരെങ്കിലും ഫോട്ടോയെടുത്താല്‍ രണ്ടാഴ്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് വിമാനക്കമ്പനികള്‍ക്ക് ശനിയാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഡിജിസിഎയുടെ ഈ തിരുത്തല്‍ ഉത്തരവ്.

വിമാനത്തിന്റെ ടേക്ക്‌ഓഫ്, ലാന്‍ഡിംഗ് വേളയില്‍ ഒഴികെ യാത്രക്കാര്‍ക്ക് തുടര്‍ന്നും ഫോട്ടോ, വിഡിയോ എടുക്കാം. ഫോട്ടോഗ്രഫിക്ക് വിമാനത്തിനുള്ളില്‍ യാതൊരു വിലക്കുമില്ലെന്നും ഡിജിസിഎ വ്യക്തക്കുന്നു. എന്നാല്‍, വിമാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന രീതിയിലോ, മറ്റു യാത്രക്കാര്‍ക്ക് ശല്യമാകുന്ന രീതിയിലോ ഫോട്ടോ എടുക്കാന്‍ കഴിയുന്നതല്ല.മാത്രമല്ല, റെക്കോര്‍ഡിംഗ് ഉപകരങ്ങള്‍ സുരക്ഷയ്ക്ക് വീഴ്ച വരുന്ന തരത്തില്‍ ഉപയോഗിക്കാന്‍
പാടില്ലെന്നും ഡിജിസിഎ വ്യക്തമാക്കുന്നു.

നടി കങ്കണ റണൗട്ടിന്റെ ഫോട്ടോ പകര്‍ത്താന്‍ ചണ്ഡീഗഢ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ ശ്രമം നടന്നതിന് പിന്നാലെയാണ് ഫോട്ടോഗ്രഫി വിലക്കികൊണ്ടുള്ള
ഡിജിസിഎയുടെ നിര്‍ദേശം വന്നത്.