ഡെൽഹി കലാപക്കേസിൽ മുൻ ജെഎന്‍യു വിദ്യാര്‍ത്ഥി അറസ്റ്റിൽ

ന്യൂഡെൽഹി: ഡെൽഹി കലാപകേസിൽ ഒരാൾ അറസ്റ്റിൽ. ജെഎന്‍യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദ് ആണ് അറസ്റ്റിലായത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്‌തത്.

ശനിയാഴ്ച ഇയാളെ ചോദ്യം ചെയ്യാനായി ഡെൽഹി പോലീസ് വിളിച്ച് വരുത്തിയ ശേഷം പിന്നീട് ഇയാളോട് ലോധി കോളനിയിലെ സ്പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. രാത്രിയോടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.
ഇയാൾക്കെതിരെ കോടതിയിൽ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.