നിക്ഷിപ്ത താത്പര്യക്കാര്‍ അപകീര്‍ത്തിപ്പെടുത്തുന്നു; കൊറോണ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്താന്‍ ആഹ്വാനം ചെയ്ത് ഉദ്ധവ് താക്കറെ

മുബൈ:നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പോര് തുടരവെ, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിക്ഷിപ്ത താത്പര്യക്കാര്‍ ഭരണകൂടത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘എന്തുതരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റും വരട്ടെ, ഞാനത് നേരിടും, ഞാന്‍ കൊറോണ വൈറസിനെയും നേരിടും’ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ ഉദ്ധവ് പറഞ്ഞു.

‘ എന്റെ കുടുംബം, എന്റെ കര്‍ത്തവ്യം’ എന്ന പേരില്‍ കൊറോണ പ്രതിരോധത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിലെ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഈ സമയത്ത് താന്‍ രാഷ്ട്രീയം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ്, ആരോപണങ്ങള്‍ക്ക് എതിരെ തനിക്ക് ഉത്തരമില്ല എന്നല്ല അതിന്റെ അര്‍ത്ഥമെന്നും കൂട്ടിച്ചേര്‍ത്തു.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേനയും കങ്കണയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടങ്ങിയത്. അനധികൃത നിര്‍മ്മാണമാണെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ മുംബൈയിലുള്ള ബംഗ്ലാവിന്റെ ഓഫീസ് കെട്ടിടം മുംബൈ കോര്‍പ്പറേഷന്‍ ഇടിച്ചു നിരത്തിയിരുന്നു. ഇതിന് പിന്നാലെ കങ്കണയ്ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.