കൊറോണാനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാം

ന്യൂഡല്‍ഹി: പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് വ്യക്തമാക്കി കൊറോണാനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍.

കൊറോണ ഭേദമായതിന് ശേഷവും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വസിക്കുന്നതിന് ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊറോണനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. അസുഖം മാറിയതിന് ശേഷവും കൊറോണ മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുളള കൊറോണ പ്രോട്ടോക്കോള്‍ പാലിക്കണം. ചൂടുവെളളം ആവശ്യത്തിന് കുടിക്കണം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

യോഗ, പ്രാണയാമം, ധ്യാനം എന്നിവ ചെയ്യാനും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ആരോഗ്യസ്ഥിതി അനുസരിച്ച് ഇതെല്ലാം പരിശീലിക്കാനാണ് നിര്‍ദേശം. ഒരു സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് അനുസരിച്ച് ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമം നടത്താവുന്നതാണ്.

രാവിലെയും വൈകീട്ടും നടത്തം പരിശീലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പുകവലി, ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നല്‍കണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിന് അനുസരിച്ച് മരുന്ന് മുടങ്ങാതെ കഴിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.