അതിർത്തിയിൽ സംഘർഷം ഒഴിവാക്കി സമാധാനം പുനസ്ഥപിക്കുന്നതിന് അഞ്ചിന പദ്ധതികൾക്ക് അംഗീകാരം

ന്യൂഡെൽഹി: അതിർത്തിയിലെ സംഘർഷം ഒഴിവാക്കി സമാധാനം പുനസ്ഥപിക്കുന്നതിന് ഉള്ള അഞ്ചു ഇനി പദ്ധതികൾക്ക് അംഗീകാരം നൽകി ഇന്ത്യയും ചൈനയും. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ലഡാക് അതിർത്തിയിലെ സേനാ പിൻമാറ്റം വേഗത്തിലാക്കുന്നതടക്കം അഞ്ചു കാര്യങ്ങളിൽ ധാരണയായി എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൂടിക്കാഴ്ച രണ്ടു മണിക്കൂർ നീണ്ടു നിന്നു. അതിർത്തിയിൽ നിലവിലെ അന്തരീക്ഷം തുടരുന്നതിൽ താൽപര്യമില്ലെന്ന് ഇരു വിദേശകാര്യ മന്ത്രിമാരും വ്യക്തമാക്കി. അതിനാല്‍ തന്നെ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്നും, അതിര്‍ത്തിയില്‍ കൃത്യമായ അകലം പാലിച്ച് സംഘര്‍ഷ സാദ്ധ്യതകള്‍ ലഘൂകരിക്കണമെന്നും ഇരു കൂട്ടരും നിലപാട് എടുത്തതായാണ് വിവരം.

മൂന്നു മാസത്തിനിടയിൽ ആദ്യമായാണ് ഇരു രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നത്.
അതിര്‍ത്തിയില്‍ നിലവിലുള്ള എല്ലാ കരാറുകളും നിയമങ്ങളും ഇരുപക്ഷവും പാലിക്കുമെന്നും, സമാധാനം ഉറപ്പാക്കുമെന്നും, സാഹചര്യങ്ങള്‍ വഷളാക്കുന്ന നടപടികള്‍ ഒഴിവാക്കുമെന്നും മന്ത്രിമാര്‍ സമ്മതിച്ചതായി സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

അതിർത്തി വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ ഉണ്ടാകുമെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച, ലഡാക്കിലെ പാൻഗോങ് തടാകത്തിനു സമീപമുണ്ടായ പുതിയ സംഘർഷത്തിന് പശ്ചാത്തലത്തിൽ കൂടിയാണ് ഇന്ത്യ-ചൈന ചർച്ച നടന്നത്.