ന്യൂഡെൽഹി: പ്രശാന്ത് ഭൂഷനെതിരായ രണ്ടാമത്തെ കോടതിയലക്ഷ്യ ഹർജിയിൽ അറ്റോ൪ണി ജനറൽ കെ.കെ വേണുഗോപാലിന് കോടതി നോട്ടീസ് അയച്ചു. തെഹൽകക്ക് നൽകിയ അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിനുമാർക്കെതിരെ ആരോപണമുന്നയിച്ചതിനെതിരെയാണ് നടപടി. ഒക്ടോബ൪ 12ന് സുപ്രീംകോടതി വീണ്ടും ഹർജി പരിഗണിക്കും.
കോടതിയുടെ വീഴ്ചകൾ സംബന്ധിച്ച ക്രിയാത്മക വിമ൪ശങ്ങൾ കോടതിയലക്ഷ്യത്തിന്റെ ഭാഗമാകുമോയെന്നും, വ്യത്യസ്ത വിധികളുള്ള വിഷയം ഭരണഘടന ബഞ്ചിന് വിടണമെന്നതടക്കമുള്ള വാദങ്ങൾ പ്രശാന്ത് ഭൂഷൻ മുന്നോട്ടുവെച്ചിരുന്നു. ജസ്റ്റിസ് എ.എം ഖാൻവിൽക്ക൪ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിച്ചത്. പ്രശാന്ത് ഭൂഷൻ ഉന്നയിച്ച നിയമ പ്രശ്നങ്ങൾ ഭരണഘടന ബഞ്ചിന് വിടണോയെന്നാണ് സുപ്രീംകോടതി പരിശോധിക്കുക.
2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയെയും മുൻ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമ൪ശിച്ചതാണ് കേസിനാധാരമായ സംഭവം. നേരത്തെ, ജസ്റ്റിസ് എസ്.എ ബോബ്ഡെയടക്കമുള്ള ചീഫ് ജസ്റ്റിസുമാരെ വിമ൪ശിച്ച ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന് കണ്ടെത്തിയ സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ വിധിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു.