ന്യൂഡെല്‍ഹി: സുപ്രധാന കേസില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. റിപ്പബ്ലിക്ക് ടിവി അവതാരകന് അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നല്കിയ ഹർജിയിലാണ് ഡല്‍ഹി ഹൈക്കോടതി സുപ്രധാന പരാമര്‍ശം നടത്തിയത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടിവി നടത്തുന്ന വ്യക്തിഹത്യാ പ്രചരണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തരൂര്‍ കോടതിയെ സമീപിച്ചത്.
‘ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണം. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയങ്കിലും കുറ്റവാളിയെന്ന് മുദ്രകുത്താന്‍ പാടില്ല. സ്ഥിരീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തരുത് ‘ ഡെല്‍ഹി ഹൈക്കോടതി ജഡ്ജി മുക്ത ഗുപ്ത പറഞ്ഞു. തരൂരിന്റെ ഹരജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. സുനന്ദ പുഷ്കര്‍ കേസുമായി ബന്ധപ്പെട്ടുള്ള പരിപാടികള്‍ അവസാനിപ്പിക്കാനും കോടതി അര്‍ണബിനോട് നിര്‍ദേശിച്ചു.
2017 ഡിസംബര്‍ ഒന്നിന് മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന് കോടതി അര്‍ണബിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും, അദ്ദേഹം അത് തുടരുകയായിരുന്നു. ഇക്കാര്യം തരൂരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.