ന്യൂഡെൽഹി: അതിര്‍ത്തിയില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റമല്ലാതെ ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് ഇന്ന് നടക്കുന്ന ഇന്ത്യാ-ചൈനാ മന്ത്രിതല ചര്‍ച്ചയില്‍ ഇന്ത്യ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും മുന്നോട്ട് വെക്കും. പാംഗ്ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണമെന്നാകും ചൈനയുടെ ആവശ്യം.
അതിർത്തിയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമായി കൊണ്ടിരിക്കെയാണ് ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണായക ചര്‍ച്ച ഇന്ന്. മോസ്‌കോയിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുക.
കഴിഞ്ഞ ദിവസം റഷ്യ നല്കിയ ഉച്ചവിരുന്നിലും വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാംഗ്യിയും പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ച മമോമോസ്കോയിൽ പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും നടന്നിരുന്നു.
ഇന്ന് മൂന്ന് തവണയാണ് ഇരു വിദേശകാര്യമന്ത്രിമാരും മുഖാമുഖം കാണുക. ഷാംഗ്ഹായ് ഉച്ചകോടിയുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12. 30 നാണ് ആദ്യം ജയ്ശങ്കറും, വാങ് യിയും പരസ്പരം നേരില്‍ കാണുക. അതിന് ശേഷം നടക്കുന്ന ഉച്ചവിരുന്നിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കും. ഇരുപരിപാടികള്‍ക്കും ശേഷം വൈകീട്ടോടെയാണ് മന്ത്രിമാര്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.