ലഡാക്ക്: അതിർത്തിയിൽ ഇന്ത്യ പ്രകോപനം ഉണ്ടാക്കിയാൽ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് ചൈനയുടെ ഭീഷണി. ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാധ്യതയെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടെയാണ് ചൈനയുടെ ഇപ്പോഴത്തെ ഭീഷണി. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ വെടിയുതിര്‍ത്ത് ചൈന പ്രകോപനം സൃഷ്ടിക്കുന്നതായി ഇന്ത്യന്‍ സൈന്യവും. ഇന്ത്യന്‍ സൈന്യം യഥാര്‍ഥ നിയന്ത്രണ രേഖ (എല്‍എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈനയും ആരോപിച്ചിരുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ ടൈസ് പത്രത്തിന്റെ മുഖപ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് ചൈനയുടെ താക്കീത് സ്വരത്തിലുള്ള പ്രതികരണം. ഇന്ത്യയുമായുള്ള അതിർത്തി യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാൽ തുടർച്ചയായി പ്രകോപനങ്ങളാണ് ഇന്ത്യൻ ഭാഗത്ത് നിന്നുണ്ടാവുന്നത്. ഇത്തരം നീക്കങ്ങൾ തുടർന്നാല്‍ തീർച്ചയായും തിരിച്ചടിയുണ്ടാവുമെന്നും മുഖ പ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ ഭാഗത്ത് നിന്നും നിരന്തരം കരാർ ലംഘനങ്ങൾ തുടരുകയാണ്. വെടിവയ്പ്പുണ്ടായെന്നും ഗ്ലോബൽ ടൈസ് ആരോപിച്ചു. ഇത്തരം നീക്കങ്ങൾ നടത്തുമ്പോൾ ചൈനയുടെ സൈനിക ശക്തിയെ കുറിച്ച് ഇന്ത്യ ചിന്തിക്കണമെന്നും ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടുന്നു. പാംഗോങ്ങിന് തെക്കുള്ള ഉയരംകൂടിയ ബ്ലാക്ക് ടോപ്പ് കുന്നില്‍ നിന്നും മറ്റൊരു തന്ത്രപ്രധാന മേഖലയായ ഹെല്‍മെറ്റ് ടോപ്പില്‍ നിന്നും ഇന്ത്യ പിന്മാറണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു.
അന്താരാഷ്ട്ര അതിർത്തിക്ക് സമീപം ചൈനയുടെ നീക്കം മുന്‍കൂട്ടി മനസ്സിലാക്കി ഓഗസ്റ്റ് 29, 30 തീയതികളില്‍ ഇന്ത്യൻ സൈന്യം തന്ത്ര പ്രധാന മേഖലകളില്‍ നിലയുറപ്പിക്കുകയും ചൈനീസ് നീക്കം തടയുകയും ചെയ്തിരുന്നു. പിന്നാലെയാണ് വീണ്ടും സംഘർഷ സാധ്യതയിലേക്ക് നീങ്ങിയത്.
എന്നാൽ, ഇന്നലെ – സെപ്തംബര്‍ 7 നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ സൈനിക മേഖലയില്‍ കടന്നു കയറാന്‍ ശ്രമിച്ച ചൈനീസ് സൈന്യം നിരവധിതവണ ആകാശത്തേക്ക് വെടിവെച്ചു എന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഒരു ഘട്ടത്തില്‍ പോലും ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ കടക്കുകയോ വെടിവെപ്പ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് പോകുകയോ ചെയ്തിട്ടില്ലെന്ന് പത്രകുറിപ്പിലൂടെ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.