മുംബൈ: അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ പാചകക്കാരൻ മയക്കുമരുന്ന് കേസിൽ ദീപേഷ് സാവന്തിനെ നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ സാവന്തിനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി ഉയർന്നു. സാക്ഷിയുടെ റോളാണ് സാവന്തിന് കേസിലുള്ളതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ചുരുളഴിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ്, സി.ബി.ഐ, എൻ.സി.ബി എന്നീ മൂന്ന് ഏജൻസികളാണ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.
സുശാന്തിന്റെ കാമുകിയായ റിയ ചക്രവർത്തിയുടെ സഹോദരൻ സൗവിക് ചക്രബർത്തിയും മാനേജർ സാമുവൽ മിറാൻഡയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
റിയയുടെ നിർദേശപ്രകാരം സുശാന്തിനായി സാമുവൽ വഴി മയക്കുമരുന്ന് എത്തിച്ചിരുന്നതായി സൗവിക്ക് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സൗവിക്കിന്റെ നിർദേശപ്രകാരം മയക്കുമരുന്ന് എത്തിച്ചതായി മിറാൻഡയും സമ്മതിച്ചിരുന്നു.