മലപ്പുറം: സ്വാതന്ത്ര്യ സമര രക്തസാക്ഷികളെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ച നിഘണ്ടുവിൽ നിന്ന് ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങളടങ്ങിയ ഭാഗം പിൻവലിച്ചു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ ജീവത്യാഗം ചെയ്തവരുടെ പേരുവിവരങ്ങളാണ് ഒഴിവാക്കിയത്.
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ശ്രദ്ധേയ പോരാട്ടമായ മലബാർ വിപ്ലവത്തിന് നേതൃത്വം നൽകി രക്തസാക്ഷികളായ ആലി മുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അടക്കം നിരവധി പോരാളികളുടെ വിവരങ്ങളുണ്ടായിരുന്നു. എന്നാലിത് ഒഴിവാക്കിയത് സംഘ്പരിവാറിന്റെ സമ്മർദത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
2019 മാർച്ച് ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ സമിതി (ഐ.സി.എച്ച്.ആർ) തയാറാക്കിയ പുസ്തകം പ്രകാശനം ചെയ്തത്. 1857 മുതൽ 1947 വരെ നടന്ന സമരങ്ങളിൽ പങ്കെടുത്തവരുടെ ചെറുവിവരണങ്ങളുള്ള ഇതിൽ ദക്ഷിണേന്ത്യക്കാരുടെ വിവരങ്ങൾ അഞ്ചാം വാള്യത്തിലായിരുന്നു. ഈ ഭാഗമാണ് സാംസ്കാരിക വകുപ്പ് വെബ്സൈറ്റിൽനിന്ന് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായത്.
അഞ്ച് വാള്യങ്ങളുള്ള നിഘണ്ടുവിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്ലിയാരുടെയും പേരുകളുണ്ടെന്ന വിവരം ഈയിടെയാണ് പുറത്തുവന്നത്. ഇതിന് പിറകെ ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
ഹിന്ദു വിരുദ്ധ ആക്രമണമാണ് മലബാറിൽ നടന്നതെന്നും വംശഹത്യക്ക് നേതൃത്വം നൽകിയവരാണ് മലബാർ സമര നേതാക്കളെന്നും സംഘ്പരിവാർ അനുകൂല ചരിത്രകാരന്മാരുൾപ്പെടെ പ്രചരിപ്പിക്കുന്നവരുടെ വിശദാംശങ്ങൾ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്നൊഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 283 പേജുള്ള വാള്യത്തിൽ 22, 248 പേജുകളിലാണ് ആലി മുസ്ലിയാരെയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും പരാമർശിച്ചിരുന്നത്.