തീപിടിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണ കപ്പലിലെ അഗ്നിബാധ പൂർണമായും അണച്ചു

കൊളംബോ: ശ്രീലങ്കൻ അതിർത്തിയിൽ തീപിടിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ എണ്ണ ടാങ്കർ ന്യൂഡയമണ്ട് കപ്പലിലെ അഗ്നിബാധ പൂർണമായും അണച്ചതായി ഇന്ത്യൻ കോസ്റ്റ്ഗാർഡ് അറിയിച്ചു.

കപ്പലിൽ വീണ്ടും അഗ്നിബാധ ഉണ്ടാവാതെ ഇരിക്കാനുള്ള മുൻകരുതലുകൾ എടുത്ത് വരികയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. മൂന്നു ലക്ഷത്തോളം ടൺ ഇന്ധനമാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇത് കടലിൽ പടരാതിരിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് നിലവിൽ കോസ്റ്റ് ഗാർഡും ശ്രീലങ്കൻ നാവിക സേനയും.

കപ്പലില്‍ 18 ഫിലിപ്പിന്‍സ് പൗരന്മാരും 5 ഗ്രീക്ക് പൗരന്മാരുമാണ് ജീവനക്കാരായി ഉണ്ടായിരുന്നത്. ഒരാളൊഴികെ ബാക്കി എല്ലാവരെയും ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

ഇന്നലെ രാവിലെയോടെയാണ് ശ്രീലങ്കയുടെ ഇരുപത് നോട്ടിക്കൽ മൈൽ കിഴക്ക് മാറി കപ്പലിൽ തീപിടിച്ചത്. കേരളാ തീരത്തുനിന്നും 600 കിലോമീറ്റര്‍ മാത്രം ദൂരത്താണ് അപകടം നടന്നിരിക്കുന്നത്. കുവൈത്തില്‍ നിന്നും പാരാദ്വീപിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.