ഡോ. കഫീൽഖാൻ ജയിൽ മോചിതനായി

ന്യൂഡെൽഹി: ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. എട്ട് മാസത്തെ ജയിൽ ജീവിതത്തിന് ശേഷം മധുര ജയിലിൽ നിന്നും ഇന്ന് പുലർച്ചെയോടെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്.
അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യു പി സർക്കാർ കഫീൽ ഖാൻ മോചിതനായത്.

അലഹബാദ് ഹെെക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് സൗമിത്ര ദയാൽ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. കഫീൽഖാന്റെ അമ്മ നുസ്രത്ത് പർവീൻ നൽകിയ ഹേബിയസ് കോർപ്പസ് ഹ‍‍‍ർജിയിലാണ് കോടതിവിധി പറഞ്ഞത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ചാണ് ഉത്തർപ്രദേശ് സർക്കാർ കഫീൽ ഖാനെ തടവിൽ ഇട്ടത്.

കേസിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച അലഹബാദ് കോടതി ഇദ്ദേഹത്തിന് സ്വാഭാവിക നീതി നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ജാമ്യം അനുവദിക്കുകയായിരുന്നു. യാതൊരു തെളിവും ഇല്ലാതെ നിയമവിരുദ്ധമായി ആണ് യു പി സർക്കാർ ഇദ്ദേഹത്തിനെതിരെ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയതെന്ന് കോടതി വ്യക്തമാക്കി.

മുംബെെയില്‍ കഴിഞ്ഞ ഡിസംബറിൽ ആണ് ഖാനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നേരത്തെ കഫീൽ ഖാനെ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് അമ്മ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയം സമീപിച്ചെങ്കിലും വിഷയം അലഹബാദ് കോടതിയാണ് പരിഗണിക്കേണ്ടതെന്നായിരുന്നു കോടതിയുടെ നിലപാട്.