എന്നും പാർട്ടി കൂറുപുലർത്തിയ കോൺഗ്രസ് നേതാവ്; കർക്കശ നിലപാടുകൾ വ്യത്യസ്തനാക്കി

ന്യൂഡെൽഹി: രണ്ട് കൊല്ലം മുമ്പ്, 2018 ജൂണ്‍ ആദ്യവാരത്തിലെ ഒരു ബുധനാഴ്ചയായിരുന്നു മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ എന്നും കോണ്‍ഗ്രസുകാരനായ പ്രണബ് മുഖര്‍ജിയുടെ ആ സന്ദര്‍ശനം രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴി തുറന്നു.

മുഖര്‍ജിയുടെ തീരുമാനം എല്ലാവരെയും അമ്പരപ്പിച്ചു. ഒരുപക്ഷെ ക്ഷണിച്ചപ്പോള്‍ സമ്മതം മൂളിക്കേട്ട ആര്‍എസ്എസിനെ പോലും. കോണ്‍ഗ്രസുകാരനായ ജീവിച്ച പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രീയവിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെട്ടു. എന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എതിര്‍ത്ത, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍പോലും കോണ്‍ഗ്രസില്‍നിന്ന് ഭിന്നസ്വരം പ്രകടിപ്പിച്ച തീവ്രവലതുപക്ഷ മാതാധിഷ്ഠിത സംഘടനയ്ക്ക് രാഷ്ട്രീയ പൊതുസ്വീകാര്യത നല്‍കുന്നതായി പ്രണബിന്റെ സന്ദര്‍ശനം എന്നതായിരുന്നു വിമര്‍ശനത്തിന്റെ കാതൽ.

മഹിളാകോണ്‍ഗ്രസ് ഡല്‍ഹിഘടകം അധ്യക്ഷയായ മകള്‍ ശര്‍മിഷ്ട മുഖര്‍ജി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം നിലനിന്ന സമയത്തായിരുന്നു പ്രണബിന്റെ നാഗ്പൂര്‍ സന്ദര്‍ശനം. അത് കൂടുതല്‍ എരിവ് നല്‍കുന്നതുമായി. കോണ്‍ഗ്രസില്‍നിന്ന് വിടുക എന്നതിനേക്കാള്‍ രാഷ്ട്രീയം ഉപേക്ഷിക്കുക എന്ന് പറയുന്നതാകും നല്ലത് എന്ന് പറഞ്ഞ് ശര്‍മിഷ്ട അഭ്യൂഹങ്ങള്‍ തള്ളി. അവര്‍ ഇപ്പോഴും മഹിളാ കോണ്‍ഗ്രസിന്റെ ഡല്‍ഹി അധ്യക്ഷയായി തുടരുന്നു.

ഇടക്കാലത്ത് രാജീവ് ഗാന്ധിയുമായി ഒന്ന് ഇടഞ്ഞപ്പോള്‍ പിണങ്ങിപ്പോയതല്ലാതെ കോണ്‍ഗ്രസിന് ഒപ്പമായിരുന്നു എന്നും പ്രണബിന്റെ ജീവിതം. പ്രണബിന്റെ അച്ഛനും നല്ല കോണ്‍ഗ്രസുകാരനായിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും സ്വാതന്ത്ര്യ ലബ്ദിയിലും അച്ഛന്‍ എങ്ങനെ കോണ്‍ഗ്രസിനൊപ്പം നിലയുറപ്പിച്ച് സാധരണക്കാരിലേക്ക് ഇറങ്ങിച്ചെന്നുവെന്ന് പ്രണബ് വിവരിച്ചിട്ടുണ്ട്.

ഇന്ദിരാഗാന്ധിയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകരില്‍ ഒരാളായി ഡല്‍ഹി അധികാരകേന്ദ്രങ്ങളില്‍ പ്രണബ് തലയുയര്‍ത്തിനിന്നു. 1969ലാണ് പ്രണബ് രാജ്യസഭയില്‍ എത്തുന്നത്. അതൊരു വലിയ തുടക്കമായിരുന്നു. ഇന്ദിരാഗാന്ധിയുടെ പ്രത്യേക താല്‍പര്യം ആ തിരഞ്ഞെടുപ്പിനും ഉണ്ടായിരുന്നു എന്ന് പ്രണബിന്റെ വളര്‍ച്ചയെ അടുത്തുനിന്ന് നിരീക്ഷിച്ചവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രണബിനെ തിരിച്ചറിഞ്ഞതും രാഷ്ട്രീയ വളര്‍ച്ചയൊരുക്കിയും ഇന്ദിരയാണെന്ന് തന്നെ പറയാം.

1973ല്‍ ഇന്ദിരയുടെ മന്ത്രിസഭയില്‍ ഏറ്റവും വിശ്വസ്തനായ സഹപ്രവര്‍ത്തകനായി പ്രണബ് മാറി. 1975, 1981, 1993, 1999 വര്‍ഷങ്ങളില്‍ രാജ്യസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ മാത്രമേ പ്രണബ് ലോക്സഭയിലേക്ക് മത്സരിച്ചിരുന്നുള്ളൂ എന്നതാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ സവിശേഷത.

കല്‍ക്കട്ട സര്‍വകലാശാലയില്‍നിന്ന് ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തബിരുദവും നിയമവും പഠിച്ച ശേഷം കോളെജ് അധ്യാപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചാണ് പ്രണബ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്.

1973-74ല്‍ ഇന്ദിര വ്യവാസയം ഷിപ്പിങ്ങ് മന്ത്രാലയത്തില്‍ സഹമന്ത്രിയായി പ്രണബിനെ ചുമതലയേല്‍പ്പിച്ചു. ജനാധിപത്യ പ്രക്രിയ അട്ടിമറിച്ച് ഇന്ദിരാഗാന്ധി രാഷ്ട്രീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും പ്രണബ് അവര്‍ക്കൊപ്പം ഉറച്ചുനിന്നു. ആ വിശ്വാസത്തെ ഇന്ദിര മാനിച്ചു. 1982ല്‍ ആദ്യമായി ഇന്ദിരയുടെ കീഴില്‍ ധനമന്ത്രിയായി. രാജ്യസഭയിലെ പാര്‍ട്ടിയുടെ നേതാവ് കൂടിയായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോഴും പ്രണബ് ഇന്ദിരയ്ക്ക് ഒപ്പം നിലയുറപ്പിച്ചു. അച്ഛന്റെ ഉപദേശപ്രകാരമായിരുന്നു അതെന്ന് പ്രണബ് തന്നെ അതിന്റെ പ്രേരണയെ കുറിച്ച് സമ്മതിച്ചിട്ടുമുണ്ട്. ഇന്ദിരയുടെ അപ്രതീക്ഷതമായി വിടവാങ്ങല്‍ പക്ഷെ, പ്രണബിന് തിരിച്ചടിയായി.