പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

ന്യൂഡെല്‍ഹി: ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ട്ട് ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ പറയുന്നു. അണുബാധയെ തുടര്‍ന്ന് രക്തസമ്മര്‍ദം ക്രമാതീതമായി താഴുക, വൃക്കക്കളുടെ പ്രവര്‍ത്തനം തടസ്സപ്പെടുക അടക്കമുളള സ്ഥിതിവിശേഷമായ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥയിലാണ് പ്രണബ് മുഖര്‍ജി. മുന്‍ രാഷ്ട്രപതി ആഴമേറിയ അബോധാവസ്ഥയില്‍ (ഡീപ് കോമ) തുടരുകയാണ്.

വെന്റിലേറ്റര്‍ സാഹയത്തിലാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രി അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയ്ക്കു ചികിത്സ തുടരുകയാണെന്നും വിദഗ്ധരുടെ സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

തലച്ചോറില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി ഇതേ അവസ്ഥയിലാണ് പ്രണബ് മുഖര്‍ജി. ശസ്ത്രക്രിയക്കു മുന്നോടിയായി നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിനു കൊറോണ സ്ഥിരീകരിച്ചിരുന്നു.