മാധ്യമപ്രവർത്തകൻ്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ

ലഖ്‍നൗ: ഉത്തർപ്രദേശിലെ മാധ്യമപ്രവർത്തകൻ്റെ കൊലപാതകത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. മാധ്യമപ്രവർത്തകൻ്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മൂന്നു പേരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബല്ലിയയിലെ ഫഫ്ന ഗ്രാമത്തിൽ വീടിന് സമീപത്ത് വച്ച് ആക്രമികൾ മാധ്യമപ്രവർത്തകനെ വെടിവച്ച് കൊന്നത്.

രത്തൻ സിംഗിൻ്റെ പേരിലുള്ള ഭൂമിയുടെ വിൽപ്പന സംബന്ധിച്ച് ഒരു സംഘമായുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിൻ്റെ ആദ്യഘട്ടത്തിൽ വീഴ്ച്ച വരുത്തിയതിന് ഒരു പൊലീസുകാരനെ ഉത്തർപ്രദേശ് പൊലീസ് സസ്പെൻഡ് ചെയ്തിരുന്നു.

ഭൂമിതർക്കമാണ് കൊലപാതകത്തിന് കാരണമെന്ന പൊലീസ് കണ്ടെത്തൽ തള്ളി രത്തൻ സിങ്ങിൻ്റെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാൽ ജോലി സംബന്ധമായ പകപോക്കലല്ല കൊലപാതകത്തിന് കാരണമെന്ന നിലപാടിലാണ് പൊലീസ് അന്വേഷണം. ഉദയ് സിങ്ങ് റാണെ, അനിൽ സിങ്ങ്, തേജ് ബഹദൂർ സിങ്ങ് എന്നിങ്ങനെ മൂന്ന് പേർ കൂടിയാണ് ഇന്ന് പിടിയിലായത്.

ഇവരെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇവരിൽ നിന്നും മാരകയാധുങ്ങളും പിടിച്ചെടുത്തു .കേസിൽ പത്ത് പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. ഒരാൾ കൂടി പിടിയിലാകാനുണ്ട്. ഹിന്ദി ചാനലിലെ മാധ്യമപ്രവർത്തകനായിരുന്ന രത്തൻ സിങ്ങിൻ്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉത്തർപ്രദേശ് സർക്കാരിനെതിരെ ഉയർന്നത്.