സർവകലാശാലകൾ അവസാന വർഷ പരീക്ഷകൾ സെപ്റ്റംബർ 30നകം നടത്തണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി : രാജ്യത്തെ എല്ലാ സര്‍വകലാശാലകളും അവസാനവര്‍ഷ പരീക്ഷകള്‍ സെപ്തംബർ 30 നകം നടത്തണമെന്ന യുജിസിയുടെ ജൂലൈ ആറിലെ പുതുക്കിയ മാര്‍ഗനിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു. അവസാനവര്‍ഷ പരീക്ഷകള്‍ നടത്താതെ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസ് അശോക്ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

മുൻപ് നടത്തിയ പരീക്ഷകളുടെയും ഇന്റേണല്‍ അസെസ്മെന്റിന്റെയും അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ജസ്റ്റിസുമാരായ ആര്‍ സുഭാഷ്റെഡ്ഡി, എം ആര്‍ ഷാ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് ഉത്തരവിട്ടു. അതേസമയം, ഏതെങ്കിലും സംസ്ഥാനത്തെ പ്രത്യേക സാഹചര്യത്തില്‍ സെപ്തംബര്‍ 30നകം പരീക്ഷ നടത്തേണ്ടെന്ന് സംസ്ഥാന സര്‍ക്കാരോ ദുരിതനിവാരണ അതോറിറ്റിയോ തീരുമാനമെടുത്താല്‍ അത് നിലനില്‍ക്കുമെന്ന് കോടതി അറിയിച്ചു.

നിശ്ചിതസമയത്തിനുള്ളില്‍ പരീക്ഷകള്‍ നടത്താനുള്ള സാഹചര്യമില്ലെങ്കില്‍ വസ്തുതകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം യുജിസിക്ക് അപേക്ഷ നല്‍കണം. അപേക്ഷ പരിഗണിച്ച്‌ പുതിയ സമയക്രമം നിശ്ചയിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജൂലൈ 31നകം അവസാനവര്‍ഷ പരീക്ഷ പൂര്‍ത്തിയാക്കണമെന്നാണ് യുജിസി ആദ്യം നിര്‍ദേശിച്ചിരുന്നത്. കൊറോണ ഉയര്‍ന്നതോടെയാണ് പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. പ്രൊഫ. ആര്‍ സി കുഹദ് അധ്യക്ഷനായ വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദേശം.

വിദ്യാര്‍ഥികള്‍ക്ക് മികച്ച ഭാവി ഉണ്ടാകണമെന്ന ഉദ്ദേശ്യത്തോടെയാണ് സെപ്തംബര്‍ 30നകം അവസാനവര്‍ഷ പരീക്ഷകള്‍ നടത്തണമെന്ന് യുജിസി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി വിലയിരുത്തി. ഉന്നത പഠനത്തിന് ആഗ്രഹിക്കുന്നവരും തൊഴില്‍ ലക്ഷ്യമിടുന്നവരും എത്രയും പെട്ടെന്ന് എഴുതി ബിരുദം സ്വന്തമാക്കാന്‍ താല്‍പ്പര്യമുള്ളവരാണെന്നും കോടതി പറഞ്ഞു. വിദ്യാര്‍ഥികളും യുവജനസംഘടനകളും അധ്യാപക അസോസിയേഷനുകളും സമര്‍പ്പിച്ച റിട്ട് ഹര്‍ജികളാണ് സുപ്രീംകോടതി തീര്‍പ്പാക്കിയത്.