ന്യൂഡെല്‍ഹി: എസ്എന്‍സി ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട ഹർജികള്‍ പരിഗണിക്കുന്നത് നീട്ടണമെന്ന് ഹര്‍ജി. സുപ്രീം കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്നാണ് ആവശ്യം. കേസിലെ പ്രതി ആര്‍ ശിവദാസനാണ് രജിസ്ട്രിക്ക് അപേക്ഷ നല്‍കിയത്. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ.
ലോക്ഡൗണിനെ തുടര്‍ന്ന് കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ്. എന്നാല്‍ ലാവലിന്‍ അപ്പീലുകളില്‍ വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്നും അതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കല്‍ പുനരാംഭിക്കുന്നതുവരെ നീട്ടിവെക്കണമെന്നും അപേക്ഷയില്‍ പറയുന്നു. തുറന്ന കോടതി നടപടി ആരംഭിക്കുന്നതിനു വാദത്തിന് തയ്യാറാകാന്‍ ആറ് ആഴ്ചത്തെ സമയവും അഭിഭാഷകന്‍ കോടതിയോട് ആരാഞ്ഞിട്ടുണ്ട്.
കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയ ഒരു വ്യക്തിയുടെ അഭിഭാഷക നല്‍കിയ മെയിലിലെ ആവശ്യം പരിഗണിച്ചാണ് തിങ്കളാഴ്ച പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടികയില്‍ ലാവലിന്‍ അപ്പീലുകള്‍ ഉള്‍പ്പെടുത്തിയത്. കേസിലെ കക്ഷികളായ തങ്ങളുടെ ആരുടെയും അറിവോ സമ്മതമോ ഇല്ലാതെയാണ് വേഗത്തില്‍ കേള്‍ക്കണം എന്ന ആവശ്യം മുന്നോട്ടുവെച്ചത് എന്ന് ആര്‍ ശിവദാസന്റെ അഭിഭാഷകന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീലും, വിചാരണ നേരിടണം എന്ന ഉത്തരവിന് എതിരെ കസ്തൂരി രങ്ക അയ്യര്‍ ഉള്‍പ്പടെ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലുകളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.