നീറ്റ് – ജെഇഇ പരീക്ഷകൾ ; സർക്കാർ പിന്നോട്ടില്ല; കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിന്

ന്യൂഡെൽഹി: നീറ്റ് – ജെഇഇ പരീക്ഷകളിൽ നിന്ന് പിന്നോട്ടുപോകാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. മഹാമാരിക്കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചേക്കും. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകപ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ ആറു വരെയാണ് ജെഇഇ പരീക്ഷ. പരീക്ഷാനടത്തിപ്പിനെതിരെ കോൺഗ്രസ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കാനാണ് തീരുമാനം. ഇന്നലെ തുടങ്ങിയ എൻ.എസ്.യു.ഐ-യുടെ സത്യഗ്രഹ സമരവും തുടരുകയാണ്.

ജെഇഇ പരീക്ഷയുടെ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു. ആകെ 660 കേന്ദ്രങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. ഇവിടേക്ക് വേണ്ട പത്ത് ലക്ഷം മാസ്കുകൾ, ഇരുപത് ലക്ഷം കൈയുറകൾ, 1300 തെർമൽ സ്കാനറുകൾ, 6600 ലിറ്റർ സാനിറ്റൈസർ ഉൾപ്പടെ സജ്ജമാക്കിയതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മഹാമാരി പടരുന്നുവെന്ന കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്. ആ ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.

കൊറോണ രോഗവ്യാപനം പ്രതിദിനം എഴുപതിനായിരത്തിന് മുകളിൽ തുടരുമ്പോൾ പല സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കര്‍ശനമായി തുടരുകയാണ്. അതിനിടയിൽ നീറ്റ്, ജെഇഇ പരീക്ഷകൾ നടത്തുന്നത് പ്രായോഗികമല്ലെന്നാണ് ഈ സംസ്ഥാനങ്ങളുടെ നിലപാട്. മാത്രമല്ല, വലിയ കൊറോണ വ്യാപനത്തിനും ഇത് കാരണമായേക്കാമെന്നും ഈ സംസ്ഥാനങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടും.

അതേസമയം, സര്‍വ്വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷ സെപ്റ്റംബര്‍ 31-നകം പൂര്‍ത്തിയാക്കാനുള്ള യുജിസി തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക. കൊറോണ സാഹചര്യം പരിഗണിച്ച് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 31 വിദ്യാര്‍ത്ഥികളും യുവസേന നേതാവ് ആദിത്യതാക്കറെ ഉൾപ്പടെയുള്ളവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്താണ് പരീക്ഷ പൂര്‍ത്തിയാക്കാൻ ശ്രമിക്കുന്നതെന്നാണ് യുജിസി സുപ്രീംകോടതിയെ അറിയിച്ചത്. പരീക്ഷ നടത്താനായി കോളേജുകൾ തുറക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അനുമതി നൽകിയിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നും ഹർജിയിലുണ്ട്.