കൊറോണ വാക്സിൻ നിർമ്മാണത്തിന് ഇന്ത്യൻ കമ്പനിയുമായി കൈകോർത്ത് അമേരിക്ക

ഹൂസ്റ്റൺ: കൊറോണ വാക്‌സിൻ നിർമാണത്തിന് ഇന്ത്യൻ കമ്പനിയുമായി കൈകോർത്തു അമേരിക്കയിലെ ബെയ്‌ലർ കോളജ് ഓഫ് മെഡിസിൻ (ബിസിഎം). ബെയ്‌‍ലർ വികസിപ്പിച്ച റീകോമ്പിനന്റ് പ്രോട്ടീൻ വാക്‌സീന്റെ നിർമാണത്തിനു വേണ്ടിയാണു ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഇയ്ക്കു ലൈസൻസ് നൽകിയിരിക്കുന്നത്. വാക്‌സിന്റെ തുടർന്നുള്ള പരീക്ഷണങ്ങളും വാണിജ്യപരമായ കാര്യങ്ങളും ബിഇ ആയിരിക്കും ഏകോപിപ്പിക്കുക.

കൂടുതൽ സുരക്ഷിതവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ വാക്‌സിൻ വികസിപ്പിക്കാൻ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ബയോളജിക്കൽ ഇ ലിമിറ്റഡുമായാണ് (ബിഇ) ബിസിഎം ലൈസൻസിങ് കരാറിൽ എത്തിയിരിക്കുന്നത്. സാർസ്, മെർസ് എന്നിവയ്ക്കുള്ള വാക്‌സിനുകൾ ബിസിഎം നിർമിക്കുന്നുണ്ട്.

പരീക്ഷണം ഇന്ത്യയിൽ നടന്നുവരികയാണെന്നും അടുത്ത വർഷത്തോടെ വാക്സിൻ വിപണിയിൽ എത്തിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബിസിഎം അധികൃതർ പറഞ്ഞു. വാക്സിൻ വിജയകരമായാൽ ലക്ഷക്കണക്കിനു ഡോസ് കുറഞ്ഞ ചെലവിൽ ഇന്ത്യയിൽ നൽകാൻ കഴിയുമെന്നാണു ബിഇ വിലയിരുത്തുന്നത്.