തിരുവനന്തപുരം: ജിഎസ്ടിയുടെ നഷ്ടപരിഹാര തുക നൽകുന്നതിൽ കേന്ദ്ര നിലപാട് വഞ്ചനാപരമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. മന്ത്രിസഭയിൽ ജിഎസ്ടിയിൽ കൊറോണ കാരണമുള്ള കുറവ് നികത്താൻ ബാധ്യതയില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതു അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങൾക്ക് നിയമപരമായി ലഭിക്കേണ്ടതാണ് നഷ്ടപരിഹാരം.
സംസ്ഥാനങ്ങളുടെ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ് കേന്ദ്രം നടത്തുന്നത്. കേന്ദ്രം വായ്പയെടുത്ത് തുക നൽകണമെന്നാണ് ജിഎസ്ടി യോഗത്തിൽ ആവശ്യം ഉയർന്നത്.
സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ ഏതു ഫയലാണ് കത്തിയതെന്ന് ആരോപണം ഉന്നയിക്കുന്നവർ തന്നെ പറയണമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിൽ പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിയിട്ടില്ലെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും ആരോപണം ഉന്നയിക്കുന്നവർ ഏതു ഫയലാണ് കത്തിയയെന്ന് വ്യക്തമാക്കണം.
രേഖകളില്ലാത്ത സ്വർണം പിടിച്ചെടുക്കാൻ തീരുമാനിച്ചശേഷം 3.86 കിലോ സ്വർണം ജിഎസ്ടി ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. 1.9 കോടി വിലവരുന്ന ഈ സ്വർണം കണ്ടുകെട്ടാനാണ് തീരുമാനം. രേഖകളില്ലാത്ത സ്വർണം സമാനരീതിയിൽ പിടിച്ചെടുക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.