ന്യൂഡെല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ പരിഹാരം കണ്ടെത്താനായി ചര്‍ച്ചകള്‍ നടക്കുമ്പോള്‍, നിയന്ത്രണ രേഖയ്ക്ക് സമീപം സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ചൈന. റോഡ് നിര്‍മ്മാണവും മിസൈല്‍ സംവിധാനങ്ങളും ഒരുക്കി ചൈന സേനാവിന്യാസം ശക്തിപ്പെടുത്തുകയാണെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ടിബറ്റിലെ ഗ്യാന്ത്‌സെ മേഖലയില്‍ ചൈന ഒരു ബ്രിഗേഡ് സൈന്യത്തിന് വേണ്ടിയുള്ള താവളം നിര്‍മ്മിച്ചിട്ടുണ്ട്. ജനുവരിയിലാണ് ഇതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2021ല്‍ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.
6 ബറ്റാലിയന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ്, അഡ്മിനിസ്‌ട്രേഷന്‍ ഏരിയ, വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കാനുള്ള സ്ഥലം എന്നിവ ഈ സൈനിക താവളത്തിലുണ്ട്.
അരുണാചല്‍ പ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്കും സിക്കിമിലേക്കും അതിവേഗം എത്താന്‍ സാധിക്കുന്ന തരത്തിലാണ് സൈനിക താവളം നിര്‍മ്മിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ പറയുന്നു. ഇന്ത്യ-ചൈന തര്‍ക്കം നിലനില്‍ക്കുന്ന പ്രധാന ഇടമായ തവാങ് അരുണാചലിന്റെ വടക്കന്‍ പ്രദേശത്താണ്. കിഴക്കന്‍ പ്രദേശങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തരത്തില്‍ പല ഭാഗങ്ങളില്‍ നിന്ന് ചൈന റോഡുകളും നിര്‍മ്മിക്കുന്നുണ്ട്.