മൊബൈൽ പ്ലാനുകളിൽ ഡാറ്റാ ചാർജടക്കം വൻ വർധനക്കൊരുങ്ങി എയർടെൽ

മുംബൈ: മൊബൈൽ പ്ലാനുകളിൽ വൻ വർധനക്കൊരുങ്ങുന്നുവെന്ന സൂചന നൽകി പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ. 100 രൂപക്ക് ഒരു ജിബി ഡേറ്റ നൽകുന്ന കാര്യം പരിഗണയിലാണെന്നാണ് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറയുന്നത്. വളരെയധികം തുക അടക്കാൻ തയ്യാറായിക്കൊള്ളൂ എന്നാണ് അദ്ദേഹം പറയുന്നത്.

160 രൂപ മുടക്കി മാസത്തിൽ 1.6 ജിബി ഡേറ്റ ഉപയോഗിക്കാം. അല്ലെങ്കിൽ വളരെയധികം തുക അടക്കാൻ തയ്യാറായിക്കൊള്ളൂ. അമേരിക്കയിലോ യൂറോപ്പിലോ ഉള്ളതു പോലെ ജിബിക്ക് 50-60 ഡോളർ എന്നൊന്നുമല്ല പറയുന്നത്. പക്ഷേ, 2 ഡോളറിനു 16 ജിബി എന്നത് താങ്ങാവുന്നതല്ലെന്ന്- തൻ്റെ സഹപ്രവർത്തകൻ അഖിൽ ഗുപ്ത എഴുതിയ പുസ്തകത്തിൻ്റെ പ്രകാശനത്തിനിടെ സുനിൽ മിത്തൽ പറഞ്ഞു.

മിത്തൽ പറഞ്ഞ കണക്കനുസരിച്ച് ഒരു ജിബി ഡേറ്റയ്ക്ക് ഏകദേശം 100 രൂപ ഇനി നൽകേണ്ടി വരും. ഇപ്പോൾ 10 രൂപയാണ് ഒരു ജിബിക്ക് നൽകേണ്ട തുക. 199 രൂപക്ക് 24 ജിബിയാണ് ഇപ്പോൾ എയർടെലിൻ്റെ അടിസ്ഥാന ഡേറ്റ പാക്ക്. ദിവസം ഒരു ജിബിയാണ് ഈ പാക്കിൽ ലഭിക്കുക.

ഇതോടൊപ്പം, നമ്പർ നഷ്ടമാവാതിരിക്കാൻ ചുരുങ്ങിയത് മാസം 100 രൂപയെങ്കിലും മുടക്കേണ്ടി വരുമെന്ന് മിത്തൽ പറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മാസം 45 രൂപക്ക് റീചാർജ് ചെയ്താലാണ് എയർടെൽ സിം സേവനങ്ങൾ നഷ്ടപ്പെടാതിരിക്കുക.