കൊറോണ കാലത്ത് ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ തൊഴിൽ ഉടമയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

ന്യൂഡെൽഹി: കൊറോണ പ്രതിസന്ധി കാലത്ത് ശമ്പളം വെട്ടിക്കുറച്ചതിന്റെ പേരിൽ തൊഴിൽ ഉടമയെ വെട്ടിക്കൊലപ്പെടുത്തിയ തൊഴിലാളി പിടിയിൽ. 21കാരനായ ഉത്തർപ്രദേശ് സ്വദേശി തസ്ലിം ആണ് അറസ്റ്റിലായത്. 45 കാരനായ ഓം പ്രകാശിനെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. 15000 രൂപയായിരുന്ന ഇയാളുടെ ശമ്പളം കൊറോണ പ്രതിസന്ധികൾ മൂലം വരുമാനം കുറഞ്ഞതിനെ തുടർന്ന് ഉടമ കുറക്കുകയായിരുന്നു.

ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഓം പ്രകാശ് തന്നെ തല്ലിയതായും തസ്ലിം പോലീസിന് മൊഴി നൽകി. ഉറങ്ങാൻ കിടന്ന ഓം പ്രകാശിനെ ഭാരമുള്ള വടി ഉപയോഗിച്ച് തലക്കടിക്കുകയും പിന്നീട് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി കിണറ്റിൽ എറിയുകയും ആയിരുന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ഓം പ്രകാശ് ദൂരെ പോയിരിക്കുകയാണെന്നാണ് ബന്ധുക്കളോട് തസ്ലീം പറഞ്ഞത്.

താൻ പിടിക്കപ്പെടുന്നു ഭയപ്പെട്ട ഇയാൾ ഓം പ്രകാശിന്റെ വീട് വിട്ട് പോകുകയും ചെയ്തു. ഓഗസ്റ്റ് 10 മുതൽ ഓം പ്രകാശിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി യിരുന്നു. അടുത്തുള്ള കിണറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നു എന്ന അയൽവാസികളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെടുത്തത്.

അന്വേഷണത്തിൽ ഇയാൾ ഓംപ്രകാശിന്റെ മോട്ടോർ സൈക്കിളും ഫോണും ഉപയോഗിച്ചാണ് കടന്നതെന്ന് കണ്ടെത്തുകയും പിന്നീട് നടത്തിയ റെയ്ഡിൽ ഇയാളെ ഡെൽഹിയിൽ നിന്നും പിടി കൂടുകയുമായിരുന്നു. കൊല്ലാനുപയോഗിച്ച കത്തിയും ഇയാളിൽ നിന്നും കണ്ടെത്തി.