മഹാദിയിൽ അഞ്ച് നില കെട്ടിടം തകർന്ന്‌ രണ്ട് പേർ മരിച്ചു; 19 പേരെ കാണാതായി

റായ്ഗഡ് : മഹാരാഷ്ട്രയിൽ റായ്ഗഡ് ജില്ലയിലെ മഹാദിയിൽ അഞ്ച് നില കെട്ടിടം തകർന്ന്‌ രണ്ട് പേർ മരിച്ചു. 19 പേരോളം ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെ കാജൽപുര പ്രദേശത്താണ് സംഭവം. പോലീസും അഗ്നിശമന സേനയും ഉൾപ്പെടെയുള്ള പ്രാദേശിക ഭരണകൂടം ഇന്നലെ മുതൽ പ്രദേശത്ത് ആരംഭിച്ച രക്ഷാപ്രവർത്തനം
ഇപ്പോഴും തുടരുകയാണ്.

ഇതു വരെ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും 19 പേരോളം ഇപ്പോഴും കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നതെന്നും റായ്ഗഡ് ജില്ലാ കളക്ടർ നിധി ചൗധരി പറഞ്ഞു. രക്ഷാപ്രവർത്തനം നടത്താൻ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) മൂന്ന് ടീമുകളും സ്ഥലത്ത്‌ എത്തിയിട്ടുണ്ട് .

പ്രദേശത്തെ രക്ഷാപ്രവർത്തനം അവലോകനം ചെയ്യുന്നതിനായി മഹാരാഷ്ട്ര മന്ത്രിമാരായ അദിതി തത്കരെയും ഏക്നാഥ് ഷിൻഡെയും ഇന്നലെ വൈകുന്നേരം സ്ഥലം സന്ദർശിച്ചു. സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എൻ‌ഡി‌ആർ‌എഫ് ഡയറക്ടർ ജനറലിനോട് (ഡിജി) നിർദ്ദേശിച്ചു.