ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. ആറ് മാസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നത് വരെ ഇടക്കാല അധ്യക്ഷയായി സോണിയ തുടരാനാണ് തീരുമാനം. ഏഴ് മണിക്കൂറോളം നീണ്ട കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും പ്രവർത്ത സമിതി യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതിനായി ഒരു കമ്മിറ്റി രൂപീകരിച്ചേക്കും. ആറ് മാസത്തിനുള്ളിൽ എഐസിസി വിളിച്ചുകൂട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നു സോണിയ നിർദേശിച്ചു.
പാർട്ടിയിൽ അടിമുടി പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്നും നേതൃ സ്ഥാനങ്ങളിൽ മാറ്റം വരണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കൾക്കെതിരെയും കത്ത് പുറത്ത് വിട്ടവർക്കെതിരെയും നടപടി വേണമെന്ന് ചില പ്രവർത്തക സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ സോണിയാ ഗാന്ധി ഇതിന് വിസമ്മതിച്ചതായാണ് റിപ്പോർട്ട്.
കത്തിന്റെ പേരിൽ പ്രവർത്തക സമിതിക്കിടയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നതോടെയാണ് നാടകീയതക്ക് തുടക്കമായത്. കത്തയച്ചവർ ബിജെപിയുമായി രഹസ്യ ധാരണയിൽ പ്രവർത്തിക്കുന്നവരാണെന്ന് രാഹുൽ പരാമർശിച്ചതായായിരുന്നു പുറത്തുവന്ന റിപ്പോർട്ട്.
ഇതിനെതിരെ കപിൽ സിബൽ ട്വിറ്ററിലൂടെ പരസ്യമായി രംഗത്തെത്തി. പാർട്ടിക്കായി താൻ നടത്തിയ പ്രവർത്തനങ്ങൾ എടുത്തു പറഞ്ഞ സിബൽ രാഹുലിന്റെ പരാമർശത്തിനെതിരെ ശക്തമായി രംഗത്തെത്തി. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി കപിൽ സിബലിനെ നേരിട്ട് വിളിക്കുകയും താൻ അത്തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നും അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ട്വീറ്റ് പിൻവലിക്കുകയാണെന്ന് കപിൽ സിബലും വ്യക്തമാക്കി. ഇതേ വിഷയത്തിൽ കത്തിൽ ഒപ്പുവെച്ച മറ്റൊരു മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പ്രവർത്തക സമിയിൽ നിന്ന് രാജി സന്നദ്ധതയും അറിയിച്ചിരുന്നു.
താൻ പദവി ഒഴിയുകയാണെന്നും പുതിയ അധ്യക്ഷനെ കണ്ടെത്താൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം തുടങ്ങുമ്പോൾ തന്നെ സോണിയ ഗാന്ധി നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിലെ ആരോടും താൻ മോശമായി പെരുമാറിയിട്ടില്ലെന്നു മറുപടി പ്രസംഗത്തിൽ സോണിയ പറഞ്ഞെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. ‘എനിക്ക് വേദനയുണ്ട്, പക്ഷേ അവരെന്റെ സഹപ്രവർത്തകരാണ്, കഴിഞ്ഞതു കഴിഞ്ഞു, നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം’– സോണിയ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാഹുൽ ഗാന്ധി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. ഇതിന് ശേഷമാണ് സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ചുമതലയേറ്റത്.