കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി; സോണിയ തുടരണമെന്ന് മൻമോഹൻ സിംഗും ആൻ്റണിയും

ന്യൂഡെല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുന്നതായി സോണിയാഗാന്ധി പ്രവര്‍ത്തകസമിതി യോഗത്തില്‍ അറിയിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കാനും സോണിയഗാന്ധി യോഗത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് യോഗത്തില്‍ സോണിയ ഇക്കാര്യം വ്യക്തമാക്കി കത്തു നല്‍കിയതായി അറിയിച്ചത്. പാര്‍ട്ടിയില്‍ സ്ഥിരം അധ്യക്ഷനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് 23 ഓളം മുതിര്‍ന്ന നേതാക്കള്‍ കത്തുനല്‍കിയ സാഹചര്യത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.

യോഗത്തില്‍ സംസാരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സോണിയ അധ്യക്ഷ പദത്തില്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. അതേസമയം കത്തെഴുതിയ വിമത നേതാക്കളുടെ നടപടിയെക്കുറിച്ച് മന്‍മോഹന്‍സിങ് പരാമര്‍ശിച്ചില്ല.

എന്നാല്‍ നേതാക്കളുടെ കത്തിനെ യോഗത്തില്‍ സംസാരിച്ച രാഹുല്‍ഗാന്ധി വിമര്‍ശിച്ചു. കത്ത് എഴുതിയത് ഇപ്പോഴല്ലെന്നും, സോണിയ അസുഖബാധിതയായി കഴിഞ്ഞപ്പോഴാണെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാനില്‍ പ്രതിസന്ധി നേരിട്ടപ്പോഴാണ് കത്തു തയ്യാറാക്കിയത്. അത്തരമൊരു അവസ്ഥയില്‍ ഇങ്ങനെയൊരു കത്തെഴുതിയത് ഉചിതമായില്ലെന്ന് പറഞ്ഞ് രാഹുല്‍ഗാന്ധി അതൃപ്തി തുറന്നു പ്രകടിപ്പിച്ചു. മാധ്യമങ്ങളിലൂടെയല്ല, പ്രവര്‍ത്തകസമിതി ചേര്‍ന്നാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതെന്നും രാഹുല്‍ഗാന്ധി അഭിപ്രായപ്പെട്ടു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് പദം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു. രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പൊതുവായ വികാരം ഇതാണ്. രാഹുല്‍ സ്ഥാനമേറ്റെടുക്കുന്നതുവരെ സോണിയ അധ്യക്ഷയായി തുടരണം. ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ട സന്ദര്‍ഭത്തില്‍ ഇത്തരമൊരു കത്തെഴുതിയത് ക്രൂരമാണെന്നും, പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയായിപ്പോയെന്നും ആന്റണി പറഞ്ഞു.

കത്തെഴുതിയ നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. കത്ത് എഴുതിയ ശേഷം മാധ്യമങ്ങള്‍ക്ക് എങ്ങനെ ചോര്‍ത്തിയെന്ന് വേണുഗോപാല്‍ ചോദിച്ചു. മാധ്യമങ്ങളിലൂടെ കത്ത് ചോര്‍ത്തിയതിലൂടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനത്തിന് തുല്യമായെന്നും വേണുഗോപാല്‍ ആരോപിച്ചു.