ഡെൽഹിയിൽ മെട്രോ സർവീസ് പുനരാരംഭിക്കാൻ കേന്ദ്രത്തോട് അനുമതി തേടി അരവിന്ദ് കെജ്രിവാൾ

ന്യൂഡെൽഹി: മെട്രോ സർവീസ് ഘട്ടം ഘട്ടമായി പുനരാരംഭിക്കാൻ കേന്ദ്രത്തോട് അനുമതി തേടിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. തലസ്ഥാനത്ത് കൊറോണ നിയന്ത്രണ വിധേയമായെന്നും മെട്രോ സർവീസ് ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും കെജ്രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡൽഹിയിലെ കൊറോണ സാഹചര്യം മെച്ചപ്പെട്ടതോടെയാണ് കേന്ദ്രത്തിനു മുന്നിൽ ദില്ലി ഈ ആവശ്യം വച്ചത്. സർക്കാർ അനുമതി ലഭിച്ചാൽ സർവീസ് പുനഃരാരംഭിക്കാൻ തയാറെന്ന് ഡൽഹി മെട്രോ റയിൽ കോർപറേഷനും അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് 1300കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

ഞായറാഴ്ച ദില്ലിയിൽ 1450 പേർക്കാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ 1.61 ലക്ഷം പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 4300 പേർ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 16 പേരാണ് രോ​ഗം ബാധിച്ച് മരിച്ചത്.