ബെംഗളൂരു : വിവാദ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ ബെംഗളൂരുവിൽ ഉണ്ടായ കലാപത്തിൽ അറസ്റ്റിലായ 40 ഓളം പേർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പൊലീസ്. കലാപകാരികളിൽ ചിലർക്ക് 2013ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനം, 2014ലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനം എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളതായി തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അൽ ഹിന്ദ് എന്ന സംഘടനയുടെ പ്രവർത്തകനായ സമിയുദ്ദീൻ (35) എന്നയാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് നേരത്തേ തന്നെ സംശയിച്ചിരുന്നു. ശിവാജി നഗറിൽ ആർഎസ്എസ് പ്രവർത്തകൻ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ഉറ്റബന്ധമുണ്ട് സമിയുദ്ദീനെന്നു പൊലീസ് പറയുന്നു. ആ കേസിലെ പ്രധാനപ്രതിയെ ഇയാൾ ജയിലിൽ സന്ദർശിച്ചിരുന്നു. കളിയിക്കാവിളയിൽ സ്പെഷൽ എസ്ഐ വിൽസനെ വെടിവച്ചു കൊന്നതുൾപ്പെടെ വിവിധ കേസുകളിൽ ഒട്ടേറെ .അൽഹിന്ദ്, അൽ-ഉമ്മ പ്രവർത്തകർ ‘ബെംഗളൂരുവിൽനിന്ന് അറസ്റ്റിലായത് സംശയങ്ങളെ ബലപ്പെടുത്തിയിരുന്നു.
മല്ലേശ്വരം, ചർച്ച് സ്ട്രീറ്റ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പല കേസുകളിലും വിചാരണ വിവിധ ഘട്ടങ്ങളിലാണ്. 2013 ൽ മല്ലേശ്വരത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ പ്രതിസ്ഥാനത്ത് അൽ ഉമ്മ പ്രവർത്തകരായിരുന്നു; ചർച്ച് സ്ട്രീറ്റ് സ്ഫോടനത്തിനു പിന്നിൽ ഇന്ത്യൻ മുജാഹിദ്ദീനും.
അക്രമം നടന്ന ബെംഗളൂരുവിലെ ഡിജെ ഹള്ളി പ്രദേശത്തുനിന്ന് 380 പേരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അൽഹിന്ദ്, എസ്ഡിപിഐ പ്രവർത്തകരാണ് ഇവരിൽ ഏറെയും. കലാപക്കേസുമായി ബന്ധപ്പെട്ട് 80,000 ഫോൺകോളുകളാണു പൊലീസ് പരിശോധിക്കുന്നത്.
മണിക്കൂറുകളുടെ ഇടവേളയിൽ ഇത്രയും കോളുകൾ വിളിക്കാനുണ്ടായ സാഹചര്യം അന്വേഷിക്കും. കലാപത്തിനിടെ പൊലീസ് വെടിവയ്പിൽ 3 പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ മറ്റൊരാളും മരിച്ചു. കലാപമുണ്ടായ ഡിജെ ഹള്ളി എസ്ഡിപിഎയ്ക്ക് വൻ സാന്നിധ്യമുള്ള പ്രദേശമാണെന്നും പൊലീസ് പറയുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നതു സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ നേരത്തേ വ്യക്തമാക്കിയിരുന്നു.