ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താൻ

കറാച്ചി: കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താൻ. ഹാഫിസ് സയീദ്, മസൂദ് അസർ, ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനും പാകിസ്താൻ തീരുമാനിച്ചു. ദാവൂദിന് അഭയം നൽകിയിട്ടില്ലെന്നായിരുന്നു പാകിസ്താന്റെ ഇതുവരെയുള്ള വാദം.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയിൽ പെടാതിരിക്കാനുമാണ് പാകിസ്താൻ കൂടുതൽ ഭീകരവിരുദ്ധ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്.

യുഎൻ ഭീകര പട്ടികയിലുള്ള വ്യക്തികൾക്കും ഭീകര സംഘടനകൾക്കും എതിരെയാണ് നടപടി. അക്കൗണ്ടുകൾ മരവിപ്പിച്ചതിന് ഒപ്പം സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിലും ആക്കിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ 1993 ലെ മുംബൈ സ്ഫോടന പരമ്പരകളുടെ സൂത്രധാരൻ ദാവൂദ് ഇബ്രാഹിം തങ്ങളുടെ രാജ്യത്തുണ്ടെന്ന് പാകിസ്ഥാൻ സമ്മതിക്കുകയാണ്.

ജമാ അത്ത് ദുവാ തലവൻ ഫാഫിസ് സയീദിനും ജയ്ഷ മുഹമ്മദ് ഭീകരൻ മസൂദ് അസറിനും അടക്കമുള്ളവർക്കെതിരെയും പാകിസ്ഥാൻ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഭീകരർക്ക് സഹായം നൽകുന്ന രാജ്യങ്ങളുടെ കരിമ്പട്ടികയിൽ പെടുന്നത് ഒഴിവാക്കാനാണ് പാകിസ്ഥാൻറെ നടപടി. 88 ഭീകരാവാദികൾക്കും സംഘടനകൾക്കും എതിരെയാണ് പാകിസ്താൻ നിലവിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.2018 ലാണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.