നീറ്റ് പരീക്ഷ നീട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡെൽഹി: സെപ്റ്റംബർ 13ന് നടക്കേണ്ട നീറ്റ് പരീക്ഷ നീട്ടിവയ്ക്കാൻ കഴിയില്ലെന്ന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ പരീക്ഷാകേന്ദ്രം അനുവദിക്കാൻ കഴിയിലെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്.ഇത്തരത്തിൽ ജെഇഇ പരീക്ഷ പോലെ ഗൾഫ് കേന്ദ്രങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെങ്കിൽ സൂക്ഷ്മമായ ആസൂത്രണം ആവശ്യമാണ്. എന്നാൽ അതിന് സാധ്യമല്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി.

ഓൺലൈനായി നീറ്റ് പരീക്ഷ നടത്താൻ കഴിയില്ലെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. നീറ്റ് പരീക്ഷ നീട്ടിവച്ചാൽ അക്കാദമിക്ക് കലണ്ടർ തകിടം മറിയുമെന്നും ഇനിയും പ്രവേശന നടപടികൾ വൈകിയാൽ ഈ വർഷം പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഗുണനിലവാരം ഉള്ള വിദ്യാഭ്യാസമോ, പരിശീലനമോ നൽകാൻ കഴിയില്ലെന്നും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി.

നീറ്റ് പരീക്ഷ സെപ്റ്റംബർ 13 ന് തന്നെ നടത്തും എന്ന് വ്യക്തമാക്കി ദേശിയ ടെസ്റ്റിംഗ് ഏജൻസി ഇന്നലെ വാർത്ത കുറിപ്പ് ഇറക്കിയിരുന്നു. പരീക്ഷ നടത്തിപ്പിന് ഉള്ള സുരക്ഷാ പ്രോട്ടോകോൾ അടുത്ത ആഴ്ച പുറത്തിറക്കും എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥർ അറിയിച്ചു.