സംസ്ഥാനാന്തര യാത്രങ്ങളും അന്തർ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുത്; സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദേശം

ന്യൂഡെൽഹി: : സംസ്ഥാനാന്തര യാത്രങ്ങളും, അന്തർ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടയരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ച് കേന്ദ്ര സർക്കാർ. ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ച അൺലോക്ക് 3 നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദേശം നൽകി. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിർദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചത്.

ആൺലോക്ക് 3.0 യിലെ അഞ്ചാം പാരാഗ്രാഫ് ഉദ്ധരിച്ചാണ് കേന്ദ്ര അഭ്യന്തര സെക്രട്ടറിയുടെ സർക്കുലർ. ആളുകളുടെയോ, ചരുക്കുകളുടെയോ നീക്കത്തിന് പ്രത്യക അനുമതിയോ ഇ-പെർമിറ്റോ ആവശ്യമില്ലെന്ന് സംസ്ഥാനങ്ങളെ ഓർമ്മിപ്പിക്കുന്നു. കേന്ദ്രത്തിൻ്റെ നിർദേശം മറികടന്നും ഇത്തരം നിയന്ത്രണങ്ങൾ സംസ്ഥാനതലത്തിൽ കൊണ്ടുവരുകയാണെങ്കിൽ, അത് ദുരന്ത നിവാരണ ആക്ട് 2005 പ്രകാരം കേന്ദ്രത്തിൻ്റെ മാർഗനിർദേശങ്ങളുടെ ലംഘനമായിരിക്കുമെന്നാണ് കേന്ദ്ര അഭ്യന്തര സെക്രട്ടറി അയച്ച കത്തിൽ പറയുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ സംസ്ഥാനാന്തര യാത്രങ്ങളും, അന്തർ സംസ്ഥാന യാത്രകളും, ചരക്ക് നീക്കങ്ങളും തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ ഇറക്കിയ പാശ്ചത്തലത്തിലാണ് ഇത്തരം ഒരു നിർദേശം കേന്ദ്രം മുന്നോട്ട് വയ്ക്കുന്നത്. രാജ്യം ‘തുറക്കൽ’ പ്രക്രിയയിലേക്ക് പോകുന്നഘട്ടത്തിൽ ഇതിൽ നിന്നും മാറിനിൽക്കുന്ന നിലപാട് സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടാകരുത് എന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നൽകുന്നത്.