കർണാടക കൊപ്പലിൽ ക്ഷേത്ര പരിപാടിക്കിടെ സംഘർഷം; 50 പേർ അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ കൊപ്പലിൽ ക്ഷേത്ര പരിപാടിക്കിടെയുണ്ടായ സംഘർഷത്തിൽ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കുസ്തിഗി താലൂക്കിലെ ദോഡിഹൽ ഗ്രാമത്തിലാണ് സംഭവം. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ക്ഷേത്രത്തിൽ പരിപാടി നടന്നതെന്ന് അധികൃതർ പറഞ്ഞു. നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനാണ് തഹസിൽദാർ അനുമതി നൽകിയതെന്ന് എസ് പി ജി സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

രഥം ബലം പ്രയോഗിച്ച് ക്ഷേത്രത്തിന് പുറത്തെത്തിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗേറ്റ് തകർന്നിരുന്നു. ആളുകൾ ഒളിവിൽ പോയതോടെ ഗ്രാമത്തിൽ കുട്ടികളും സ്ത്രീകളും മാത്രമേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

ചടങ്ങിന്റെ തുടക്കത്തിൽ കുറച്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ആളുകളുടെ എണ്ണം വർധിച്ചു. തുടർന്ന് ക്ഷേത്രവാതിൽ അധികൃതർ ക്ഷേത്രവാതിൽ അടച്ചു. എന്നാൽ കുപിതരായ ജനക്കൂട്ടം ഗേറ്റ് തകർത്ത് രഥം പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു.

ലാത്തിചാർജ്ജ് നടത്തിയാണ് ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധിച്ചാണ് 50 പേരെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഭൂരിഭാഗം ഒളിവിലാണെന്നും അവർ തിരിച്ചെത്തിയാൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.