അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ സംഖ്യയിൽ 12 ശതമാനം വർധനവുണ്ടാകും

ന്യൂഡെൽഹി: വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ക്യാൻസർ രോഗികളുടെ സംഖ്യയിൽ 12 ശതമാനം വർധനവുണ്ടാകുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി (ഐസിഎംആർ)ൻ്റെ മുന്നറിയിപ്പ്. ഈ വർഷാവസാനത്തോടെ കാൻസർ രോഗികൾ 1.39 ദശലക്ഷമാകും. 2025 ൽ ഇത് 1.5 ദശലക്ഷമായും വർധിക്കുമെന്നാണ് ഐസിഎംആർ പoനങ്ങൾ വ്യക്തമാക്കുന്നത്.

ഈ വർഷം ഇന്ത്യയിലെ ആകെ കാൻസർ രോഗികളിൽ 27.1 ശതമാനവും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിലൂടെ രോഗബാധയുണ്ടാകുന്നവരായിരിക്കുമെന്ന് പoന റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിൻ്റെ വടക്കുകിഴക്കൻ മേഖലയിലായിലാണ് രോഗികൾ ഏറെ വർധിക്കുക. കുടൽ, സ്തനാർബുദരോഗികളാണ് ഇതു കഴിഞ്ഞാൽ കടുതലായുണ്ടാകുക.
പുരുഷന്മാരിൽ ശ്വാസകോശ, വായ, ആമാശയം, കുടൽ എന്നിവിടങ്ങളിലാണ് കൂടുതൽ ക്യാൻസർ രോഗബാധയുണ്ടാകുക. സ്ത്രീകൾക്ക് സ്തന, ഗർഭാശയ കാൻസറാണ് സാധാരണമായിരിക്കുന്നതെന്ന് ബെംഗളൂരു ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചും (എൻസിഡിആർ) പുറത്തിറക്കിയ പഠന റിപ്പോർട്ട് പറയുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ടിൽ ഇന്ത്യയിലെ കാൻസർ രോഗം, മരണനിരക്ക്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രവണതകളും വിവരങ്ങളും നൽകുന്നുണ്ട്. ജനവാസ മേഖലകളിലും ആശുപത്രി അധിഷ്ഠിത കാൻസർ രജിസ്ട്രികളിലൂടെയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.  

പുരുഷന്മാരിൽ ഈ വർഷം 679,421 രോഗികളും 2025 ൽ 763,575 കാൻസർ ബാധിതരുണ്ടാകുമെന്നാണ് റിപ്പോർട്ട്. സ്ത്രീകളിൽ 2020 ൽ 712,758 പേർക്കാണ് രോഗബാധയുണ്ടാകുക എന്ന് വ്യക്തമാക്കുന്നു. 2025 ൽ ഇത് 806,218 ആയി ഉയരും. സ്ത്രീകളിലെ സ്തനാർബുദം 200,000 (14.8% ശതമാനം) സെർവിക്സ് കാൻസർ 75,000 (5.4%) പുരുഷന്മാർക്കും സ്ത്രീകൾക്കും കുടലിൽ കാൻസർ 270,000 (19.7%) വരെയാകുമെന്നും കണക്കാക്കപ്പെടുന്നു.

ക്യാൻ‌സർ‌ ചികിത്സ വർഷങ്ങളായി ഗണ്യമായ പുരോഗതി കൈവരിച്ചെങ്കിലും കൃത്യമായ മരുന്ന്‌ ഇല്ലാത്തത് ചികിത്സാ ഫലത്തെ ബാധിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ കൂടുതൽ രോഗികൾ ചികിൽസയ്ക്കെത്തുന്നതിനാൽ രോഗശമന നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. കൃത്യമായ ഫലങ്ങൾ നൽകുന്ന നൂതന പരിശോധനകൾ ഇപ്പോൾ നിലവിലുള്ളത് രോഗമുക്തി വഴിതെളിക്കുന്നതായും പoനം വ്യക്തമാക്കുന്നു.