ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതൽ വിമാന സർവീസുകൾ തുടങ്ങും; 13 രാജ്യങ്ങളുമായി ചർച്ച

ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് കൂടുതൽ വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി. ഉഭയകക്ഷി എയർ ബബിൾ കരാർ പ്രകാരം ഓസ്‌ട്രേലിയ, ജപ്പാൻ, സിംഗപ്പൂർ ഉൾപ്പെടെ 13 രാജ്യങ്ങളുമായി ഇന്ത്യ ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഏതെങ്കിലും രാജ്യവുമായി ഉഭയകക്ഷി എയർ ബബിൾ ഉടമ്പടിയിൽ ധാരണയെത്തിയാൽ ഇരു രാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും. ജൂലൈ മുതൽ ഇന്ത്യ ഏതാനും രാജ്യങ്ങളുമായി എയർ ബബിൾ കരാറിലെത്തുകയും വിമാന സർവീസിനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. യുഎസ്, യുകെ, ഫ്രാൻസ്, ജർമ്മനി, യുഎഇ, ഖത്തർ, മാലിദ്വീപ് എന്നീ രാജ്യങ്ങളുമായിയിരുന്നു കരാർ.

“ഞങ്ങൾ ഇപ്പോൾ ഈ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു, കൂടാതെ 13 രാജ്യങ്ങളുമായി കൂടിയാലോചന നടത്തുന്നുണ്ട്,” എന്ന് എയർ ബബിൾ കരാറുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ട്വീറ്റിൽ പുരി പറഞ്ഞു.

ഓസ്‌ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈൻ, ഇസ്രായേൽ, കെനിയ, ഫിലിപ്പൈൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഇപ്പോൾ ചർച്ച നടത്തുന്നതായി അദ്ദേഹം വ്യക്തമാക്കി. അയൽ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും എയർ ബബിൾ കരാർ പ്രകാരം വിമാനസർവീസുകൾ ആരംഭിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും പുരി പറഞ്ഞു.